എഫ്‌ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമ്മനം ഹൈക്കോടതിയിലേക്ക്

പത്തനംതിട്ട: പാലക്കാട് ബയോ പോളിമര്‍ കമ്പനി തുടങ്ങുന്നത് സംബന്ധിച്ച പണമിടപാട് കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയെ സമീപിക്കും. ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണ്ണറുമാണ് കുമ്മനം.

പാലക്കാട് ഭാരത് ബയോ പോളിമര്‍ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ആറന്‍മുള സ്വദേശിയും കുമ്മനത്തിന്‍റെ മുന്‍ പിഎയുമായ പ്രവീണ്‍കുമാര്‍ 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് ആറന്‍മുള പുത്തേഴത്ത് ഇല്ലം സിആര്‍ ഹരികൃഷ്ണനാണ് പരാതി നല്‍കിയത്.

സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട് ഒരിടത്തും തന്‍റെ പേര് മൊഴിയില്‍ പരാമര്‍ശിക്കുന്നില്ലെന്ന് കുമ്മനം പറഞ്ഞു. ആര്‍എസ്എസ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. 2018 ഒക്ടോബര്‍ മുതല്‍ 2020 ജനുവരി 14 വരെയുളള കാലയളവില്‍ പലപ്പോഴായി 30.75 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. പ്രവീണ്‍ ബി പിളളയാണ് കേസില്‍ ഒന്നാം പ്രതി. കേസിലെ നാലാം പ്രതിയാണ് കുമ്മനം. സ്ഥാപന ഉടമ കൊല്ലങ്കോട് സ്വദേശി വിജയന്‍ രണ്ടാം പ്രതിയും മാനേജര്‍ സേവ്യര്‍ മൂന്നാം പ്രതിയുമാണ് . കേസില്‍ 9 പ്രതികളാണുളളത്.

സാമ്പത്തിക ഇടപാടില്‍ കുമ്മനത്തിന് പങ്കില്ലെന്ന് പരാതിക്കാരനായ ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ ശബ്ദരേഖ ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. താന്‍ ആറന്‍മുള പോലീസിന് നല്‍കിയ പരാതിയില്‍ പണം തട്ടിപ്പില്‍ കുമ്മനത്തിന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല. പദ്ധതിയെപ്പറ്റി സംസാരിച്ചപ്പോള്‍ നല്ല ആശയമാണെന്ന് കുമ്മനം പറഞ്ഞിരുന്നു. ഇത് വിശ്വസിച്ചാണ് പണം നല്‍കിയത്. പണം സ്വീകരിച്ച പ്രവീണ്‍ പിളളയുമായി കമ്പനി തുടങ്ങാതായപ്പോള്‍ കുമ്മനത്തിന്റെ മദ്ധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിരുന്നു. മുഴുവന്‍ തുകയും തിരിച്ചുകിട്ടാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്നും ശബ്ദ രേഖയില്‍ പറയുന്നു. ഹരികൃഷ്ണന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം