ന്യൂയോർക്ക്: വല്ലപ്പോഴും ഒരു ജലദോഷം വരണം എന്ന് പഴമക്കാരും പ്രകൃതിചികിത്സകരുമെല്ലാം പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്ന പഠനറിപ്പോർട്ട് അമേരിക്കയിലെ യേൽ സർവകലാശാലയിലെ ഗവേഷകർ പുറത്തുവിട്ടു. ജലദോഷത്തിന് കാരണമായ റൈനോവൈറസ് ശരീരത്തിന് പ്രതിരോധശേഷി നൽകും എന്നാണ് പഠനം പറയുന്നത്.
‘ദ ലാൻസെറ്റ് മൈക്രോബ്’ എന്ന ജേണലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2009 ൽ എച്ച് വൺ എൻ വൺ ഫ്ലൂ (H1N1) പടർന്നുപിടിച്ചപ്പോൾ യൂറോപ്പ് എന്തുകൊണ്ട് അതിൽ നിന്നും രക്ഷ നേടി എന്നതിനുള്ള ഉത്തരം കൂടിയാണ് ഈ പഠനം എന്ന് ഗവേഷകസംഘം പറയുന്നു. യൂറോപ്പിലെ ജലദോഷ സീസണിൽ ആയിരുന്നു എച്ച് വൺ എൻ വൺ ഫ്ലൂവിൻ്റെയും വരവ് . ജലദോഷം ബാധിച്ച ആളുകൾ എച്ച് വൺ എൻ വൺ ഫ്ലൂവിനെ സുഖമായി പ്രതിരോധിച്ചു.
മൂന്നുവർഷംകൊണ്ട് 13000 രോഗികളുടെ ക്ലിനിക്കൽ ഡേറ്റ പരിശോധിച്ചാണ് ഡോക്റ്റർ എലൻ ഫോക്സ്മാൻ്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.
റൈനോ വൈറസിൻറെ സാന്നിധ്യം മൂലം ആൻറി വൈറൽ ഏജൻ്റായ ഇൻറർഫെറോൺ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് അഞ്ചുദിവസത്തേക്കെങ്കിലും ശരീരത്തിൽ നിലനിൽക്കുകയും ചെയ്യും. ഇക്കാലത്ത് ഫ്ലൂ വൈറസുകൾക്ക് ശരീരത്തിൽ പ്രവേശിക്കാനാകില്ല, ഡോക്ടർ എലൻ പറയുന്നു.