ദേഷ്യം വിനയായി, പുറത്തേക്കടിച്ച പന്ത് റഫറിക്ക് കൊണ്ടു, ദ്യോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്ന് പുറത്താക്കി

വാഷിങ്ടൺ: കിരീടം ഉറപ്പിച്ച് കളത്തിലിറങ്ങിയ നൊവാക് ദ്യോകോവിച്ച് ഒടുവിൽ യു എസ് ഓപ്പണിൽ നിന്ന് നാടകീയമായി പുറത്തായി.

അവസാന 16 ൽ ഇരുപതാം സീഡായ സ്പാനിഷ് താരം പാബ്ലോ ബുസ്റ്റക്ക് എതിരെ കളിക്കാനിറങ്ങിയ ദ്യോക്കോവിച്ചിന് വിനയായത് അദ്ദേഹത്തിൻറെ തന്നെ ദേഷ്യമാണ്. മൽസരം 5 -5 ൽ നിൽക്കുമ്പോൾ തൻ്റെ സർവീസ് ബുസ്റ്റ ബ്രേക്ക് ചെയ്തത് ദ്യോകോവിച്ചിന് സഹിക്കാനായില്ല.

സർവീസ് നഷ്ടമായ ദേഷ്യത്തിൽ കൈയിലുണ്ടായിരുന്ന പന്ത് ശക്തമായി കളത്തിന് പുറത്തേക്ക് അടിക്കുകയായിരുന്നു നൊവാക്ക്. എന്നാൽ പന്തു കൊണ്ടത് ലൈനിൽ നിൽക്കുന്ന റഫറിയുടെ തൊണ്ടയ്ക്കായിരുന്നു. ഉടൻ തന്നെ താരം റഫറിയോട് മാപ്പ് പറഞ്ഞെങ്കിലും ചെയർ അമ്പയർ മത്സരം നിർത്തിവയ്പ്പിച്ചു. തുടർന്ന് ദീർഘനേരം കളത്തിൽ വച്ച് ചർച്ചയും നടന്നു.

അബദ്ധത്തിൽ സംഭവിച്ചതാണെന്ന ദ്യോക്കോവിച്ചിൻ്റെ വാദം അധികൃതർ അംഗീകരിച്ചില്ല. ഒടുവിൽ ബുസ്റ്റയോട് പരാജയം സമ്മതിച്ച് കൈ കൊടുത്ത് പുറത്തേക്ക് പോകാൻ താരം നിർബന്ധിതനായി. റാഫേൽ നദാലും റോജർ ഫെഡററും ഇല്ലാത്ത ടൂർണമെൻ്റിൽ ഗ്രാൻഡ്സ്ലാം ഉറപ്പിച്ച് ഇറങ്ങിയ നൊവാക് അങ്ങനെ കളിയ്ക്ക് പുറത്തായി.

Share
അഭിപ്രായം എഴുതാം