തമോഗർത്തങ്ങളുടെ കൂട്ടിയിടിയിൽ ശാസ്ത്രലോകം ഞെട്ടി

വാഷിങ്ടൺ : രണ്ടു തമോഗർത്തങ്ങൾ കൂട്ടിയിടിച്ച് മറ്റൊന്നുണ്ടായ മഹാസംഭവം കണ്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രലോകം. 1720 കോടി പ്രകാശവർഷം അകലെയാണ് തമോഗർത്തങ്ങൾ കൂട്ടിയിടിച്ചത്. സംഭവം നടന്നതോ 700 കോടിയിലേറെ വർഷങ്ങൾക്ക് മുൻപും.

ഭയാനകമായ ഈ കൂട്ടിയിടിയുടെ ഊർജ്ജ തരംഗങ്ങൾ 2019 മെയ് മാസം 21 ന് പ്രഭാതത്തിൽ ഭൂമിയെ ഒന്ന് വിറകൊള്ളിച്ചിരുന്നു. അമേരിക്കയിലെ എൽ.ഐ.ജി.ഒ (LIGO) ഇറ്റലിയിലെ വിർഗോ (Virgo) എന്നീ വാനഗവേഷണ ഒബ്സർവേറ്ററികളാണ് ഈ തരംഗങ്ങളെ ആദ്യം തിരിച്ചറിഞ്ഞത്.ഗുരുത്വ തരംഗങ്ങളുടെ രൂപത്തിലായിരുന്നു അവ ഭൂമിയിലെത്തിയത്. ജി.ഡബ്ല്യു 190521 എന്നാണ് ഈ ഊർജ്ജ തരംഗത്തിന് പേരിട്ടിരിക്കുന്നത്.

സൂര്യൻറെ ഭാരതത്തിൻറെ 85 ഇരട്ടി ഭാരമുള്ള ഒരു തമോഗർത്തവും 66 ഇരട്ടി ഭാരമുള്ള മറ്റൊരു തമോഗർത്തവും കൂട്ടിയിടിച്ച് സൗര ഭാരതത്തിൻറെ 142 ഇരട്ടി ഭാരമുള്ള മറ്റൊന്ന് ഉണ്ടാവുകയായിരുന്നു.

ഈ കൂട്ടിയിടിയിൽ നിന്നും പുറത്തുവന്ന ഊർജ്ജത്തിൻ്റെ അളവ് മനുഷ്യ മസ്തിഷ്കത്തിൻ്റെ ഭാവനാ സാധ്യതകളുടെയെല്ലാം അപ്പുറമുള്ളതും ആയിരുന്നു.

നൂറു കോടിയെ 10 ലക്ഷം കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യയോളം അണുബോംബുകൾ ഓരോ സെക്കൻഡിലും പൊട്ടുന്നു എന്ന് കരുതുക, അങ്ങനെ 1380 കോടി വർഷം സ്ഫോടനം നടത്താൻ വേണ്ട അത്രയും ഊർജ്ജം ആയിരുന്നു അത്.

സൂര്യനെക്കാളും ദശലക്ഷക്കണക്കിനു ഭാരമുള്ള തമോദ്വാരങ്ങൾ പ്രപഞ്ചത്തിലുണ്ട് എന്ന് ശാസ്ത്രലോകത്തിന് അറിയാം എന്നാൽ നൂറിനും ഒരു ലക്ഷത്തിനും ഇടയിൽ സൗര ഭാരമുള്ള തമോദ്വാരങ്ങളുടെ സാന്നിധ്യം ഇതാദ്യമായാണ് തിരിച്ചറിയുന്നത്

ലോകമെങ്ങുമുള്ള ആയിരത്തോളം ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തിൻ്റെ അജ്ഞാത കോണുകളിൽ നിന്നും വിരുന്നു വരുന്ന ഗുരുത്വ തരംഗങ്ങളെ കുറിച്ചുള്ള ഈ ഗവേഷണ പദ്ധതിയിൽ മുഴുകിയിരിക്കുന്നത് .

ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത ഒരു മേഖലയെയാണ്‌ തമോദ്വാരം അല്ലെങ്കിൽ തമോഗർത്തം എന്ന് വിശേഷിപ്പിക്കുന്നത്. തമോദ്വാരത്തിന്റെ പരിധിയ്ക്കകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെയുള്ള വൈദ്യുത കാന്തിക തരംഗങ്ങൾക്കു പോലും ഗുരുത്വാകർഷണത്തെ മറികടന്ന് അവിടെ നിന്നും പുറത്തു പോകാനാകില്ല. പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ തമോദ്വാരം പുറംലോകത്തിന്‌ അദൃശ്യമായിരിക്കുകയും ചെയ്യും. ഒരുകൂട്ടം നക്ഷത്രങ്ങൾ പ്രപഞ്ചത്തിൽ ശൂന്യമായ സ്ഥലത്തെ പരിക്രമണം ചെയ്യുന്നതായി കാണാനായാൽ അവിടെ ഒരു തമോദ്വാരമുണ്ടെന്ന് ഊഹിക്കാം.

ഒരു നിശ്ചിത പരിധിയ്ക്കു മുകളിൽ പിണ്ഡമുള്ള നക്ഷത്രങ്ങളാണ് പരിണാമത്തിന്റെ അവസാനത്തിൽ തമോദ്വാരമായിത്തീരുന്നത്. എന്നാൽ എപ്പൊഴും ഇതു സംഭവിക്കണമെന്ന നിർബന്ധവുമില്ല. നക്ഷത്രത്തിന്റെ അവസാനത്തോടനുബന്ധിച്ച് ഊർജ്ജസൃഷ്ടിക്കുള്ള കഴിവ് പൂർണ്ണമായി അവസാനിച്ച പിണ്ഡം സ്വന്തം ഗുരുത്വാകർഷണത്താൽ വീണ്ടും വീണ്ടും ചുരുങ്ങിക്കൊണ്ടിരിക്കും. ഇങ്ങനെ ചുരുങ്ങുന്നതോടൊപ്പം നക്ഷത്രത്തിന്റെ ഗുരുത്വാകർഷണവും വർദ്ധിക്കുന്നു. ഗുരുത്വാകർഷണം ഒരളവിലേറെ വർദ്ധിച്ച് പ്രകാശത്തെപ്പോലും പിടിച്ചു നിർത്താനുള്ള കഴിവ് ആർജ്ജിക്കുമ്പോൾ നക്ഷത്രം തമോദ്വാരമായി മാറുന്നു എന്നാണ് ശാസ്ത്രം പറയുന്നത്

Share
അഭിപ്രായം എഴുതാം