ഓണ്‍ലൈന്‍ ചൂതാട്ടം യുവാക്കളെ വഴിതെറ്റിക്കുന്നു; റമ്മി, പൊക്കര്‍ എന്നിവ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു

ഹൈദരാബാദ്: ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകളായ റമ്മി, പൊക്കര്‍ എന്നിവ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. യുവാക്കളെ തെറ്റായ വഴിയിലേക്ക് ഇത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ തള്ളിവിടുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചത്. മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകളായ ഇവ നിരോധിക്കാന്‍ തീരുമാനമായത്. യുവാക്കളുടെ ഭാവി ഓര്‍ത്താണ് ഇത്തരം ചൂതാട്ട ഗെയിമുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടം യുവാക്കളെ തെറ്റായ വഴികളിലേക്ക് എത്തിക്കുന്നു. ഇവ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും ക്യാബിനെറ്റ് യോഗത്തിന് ശേഷം ഐടി വകുപ്പ് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴി റമ്മി കളിച്ചാല്‍ ആദ്യപടിയായി ഒരു വര്‍ഷത്തെ തടവായിരിക്കും ലഭിക്കുക. രണ്ടാമതും ലംഘിക്കുകയാണെങ്കില്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഓണ്‍ലൈനിലൂടെ ഇത്തരം ഗെയിം കളിക്കുന്നവര്‍ക്ക് ആറ് മാസത്തെ തടവ് ശിക്ഷയാണ് ലഭിക്കുകയെന്ന് മന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ ചൂതാട്ടം, വാതുവയ്പ്പ് എന്നിവയിലൂടെ രാജ്യത്തെ  കോടിക്കണക്കിന് രൂപയാണ് ദിവസേനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ കളി ജയിക്കുകയും പിന്നീട് വലിയ തുകവച്ച് കളിക്കുമ്പോള്‍ പണം തിരിച്ചുകിട്ടാത്ത അവസ്ഥയുമാണ് ഉണ്ടാവുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു. വാലറ്റില്‍ തുക നിക്ഷേപിച്ചതിന് ശേഷമാണ് കളി ആരംഭിക്കുക. പലപ്പോഴും വാലറ്റില്‍ പണം തീര്‍ന്നാല്‍ ആപ്പുകള്‍ തന്നെ ചെറിയ ബോണസുകള്‍ നല്‍കും. അതിനാല്‍ കളി തുടരുകയും ലക്ഷങ്ങള്‍ നഷ്ടമാകുകയും ചെയ്യുന്നു. ഇക്കാരണങ്ങള്‍ മുഖവിലയ്‌ക്കെടുത്താണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ റമ്മി ഗെയിമുകള്‍ നിരോധിച്ചത്.

Share
അഭിപ്രായം എഴുതാം