പോലീസിനെ ആക്രമിച്ച് രക്ഷപെട്ട പ്രതികളിലൊരാള്‍ പിടിയിലായി

പാരിപ്പളളി:പോലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപെട്ട പ്രതികളിലൊരാള്‍ പിടിയിലായി. പുലിക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ കുട്ടന്‍ എന്ന ജിത്തു(20) വാണ് പിടിയിലായത്. ഉത്രാട ദിവസം രാത്രി 11 മണിയോടെ പരവൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെരുമ്പുഴ യക്ഷിക്കാവ് കോളനിയില്‍ നിന്ന് മൂന്ന് പ്രതികളെ കസ്റ്റഡുയിലെടുക്കുമ്പോഴാണ് പോലീസിനെ ആക്രമിച്ച് ഇയാളും കൂട്ടുപ്രതികളായ ചരുവിള പുത്തന്‍വീട്ടില്‍ മനു എസ് കണ്ണന്‍(28), ചിന്നുകുട്ടന്‍ എന്ന സംഗീത് (20) എന്നിവര്‍ ഓടി രക്ഷപെട്ടത്.

പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കല്ലമ്പലം നെല്ലിക്കുന്ന് പാറമലയില്‍ വച്ച് സെപ്തംബര്‍ 2 ന് രാത്രി ചൊവ്വാഴ്ച യാണ് ഇയാളെ ബലപ്രയോഗത്തിലൂടെ പോലീസ് കീഴടക്കിയത്. 14 കാരിയായ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മൂവരും ഇവിടെ ഒളിവില്‍ കഴിയുന്നുണ്ടെന്ന് അറിഞ്ഞാണ് പാരിപ്പളളി എസ്‌ഐ നൗഫലും സംഘവും എത്തിയത്. ജിത്തുവിനെ വിലങ്ങു വയ്ക്കാന്‍ ശ്രമിക്കുന്നതിനടെയാണ് പോലീസിനെ തളളിമാറ്റി ഇവര്‍ ഓടിയത്. ഇയാളെ പിടിക്കാന്‍ പുറകേ ഓടിയ പോലീസ് ഉദ്യോഗസ്ഥന്‍ അനൂപ് ഇയാളെ പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ വഴിയില്‍ കണ്ട കുഴിയിലേക്ക് തളളിയിട്ടു. വീഴ്ചയില്‍ അനൂപിന്‍റെ നട്ടെല്ലിന് സാരമായി പരിക്കേല്‍ക്കുകയും കൈകള്‍ ഒടിയുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അനൂപിനെ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയ തക്കം നോക്കി ചിന്നുകുട്ടനും മനുവും കൈവിലങ്ങുമായി ഇരുട്ടിലേക്ക് ഓടി മറയുകയും ചെയ്തു.

പ്രതികള്‍ സ്ഥിരം ക്രിമിനല്‍ സ്വഭാവം പ്രകടിപ്പിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. പത്തിലേറെ കേസുകളില്‍ ഇവര്‍ പ്രതികളാണ്. പോലീസിനെ ആക്രമിച്ചതിനും വിലങ്ങുമായി രക്ഷപെട്ടതിനും പ്രതികള്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. രക്ഷപെട്ട പ്രതികളെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം