വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആശുപത്രി പൂട്ടിച്ചു

നാഗര്‍കോവില്‍: ചികിത്സാ പിഴവ്‌ മൂലം വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രി പൂട്ടിച്ചു. കന്യാകുമാരി കടയാല്‍ മൂട്‌ സ്വദേശി അലക്കുതൊഴിലാളികളായ പുരുഷോത്തമന്‍- ലതാ ദമ്പതികളുടെ മകന്‍ അഭിനേഷ്‌ (12) ആണ്‌ മരിച്ചത്‌.

2020 ആഗസ്റ്റ്‌ 30 ന്‌ രാവിലെ പനിബാധിച്ച നിലയില്‍ കുട്ടിയെ കായല്‍മൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന്‌ ഡോക്ടര്‍ മരുന്ന്‌ നല്‍കി തിരിച്ചയച്ചു. എന്നാല്‍ അസുഖം മാറാഞ്ഞതിനെ തുടര്‍ന്ന്‌ സെപ്‌തംബര്‍ 1 ന്‌ വീണ്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുത്തിവയ്‌പ്പ്‌ എടുത്തശേഷം മടക്കി അയക്കുകയായിരുന്നു. കുത്തിവയ്‌പ്പെ ടുത്ത സ്ഥലത്ത്‌ പോളളലേറ്റിരിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടതിനേ തുടര്‍ന്ന്‌ ചൊവ്വാഴ്‌ച കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും അഡ്‌മിറ്റ്‌ ചെയ്‌ത്‌ ചികിത്സിക്കുകയും ചെയ്‌തു.

എന്നാല്‍ വൈകിട്ടോടെ കുട്ടിയുടെ ആരോഗ്യ നില ഗുരുതര മായതിനെ തുടര്‍ന്ന്‌ മറ്റൊരാശുപത്രിയിലേക്ക്‌ കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഉടന്‍ നാഗര്‍കോവിലിലെ സ്വകാര്യാ ശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍ അറിയിച്ചു.

ചികിത്സാ പിഴവാണ്‌‌ കുട്ടിയുടെ മരണത്തിനിടയാക്കിയ തെന്നാരോപിച്ച്‌ ബന്ധുക്കള്‍ പ്രതിഷേധ പ്രകടനവുമായി ആശുപത്രിക്കുമുന്നിലെത്തി. തക്കല ഡിഎസ്‌പി രാമചന്ദ്രന്‍ സ്ഥലത്തെത്തി സംസാരിച്ചതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ മൃതദേഹവുമായി മടങ്ങിയെങ്കിലും ഒന്നാംതീയതി രാവിലെ ഡോക്ടറെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയക്കാരും ചേര്‍ന്ന്‌ ആശുപത്രി ക്കുമുന്നില്‍ പ്രതിഷേധിച്ചു.

സ്ഥലത്തെത്തിയ തക്കല ഡിഎസ്‌പി രാമചന്ദ്രന്‍, തഹ്‌സീല്‍ദാര്‍ രാജമലര്‍, ഹെല്‍ത്ത് ജെഡി ജോണ്‍ബ്രിട്ടോ, എന്നിവര്‍ നടത്തിയ അന്വേഷണത്തേ തുടര്‍ന്ന്‌ ആശുപത്രി പൂട്ടിക്കുകയായിരുന്നു. ഡോക്ടര്‍ക്കെതിരെ കായല്‍മൂട്‌ പോലീസ്‌ കേസെടുത്തു.

Share
അഭിപ്രായം എഴുതാം