പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കാൻ കേന്ദ്രം

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കാൻ കേന്ദ്രസർക്കാർ നീക്കം. വർഷകാല സമ്മേളനം നടക്കാനിരിക്കേയാണ് തീരുമാനം.

സഭയിലെ ആദ്യ മണിക്കൂറുകളിൽ ജനപ്രതിനിധികൾക്ക് സർക്കാറിനോട് ചോദ്യങ്ങൾ നടത്താനുള്ള ചോദ്യോത്തര വേളയാണ് ഒഴിവാക്കാൻ നീക്കം നടത്തുന്നത്.

കോവിഡ് കാരണം സമയം വെട്ടിക്കുറിച്ചതിനാലാണ് ചോദ്യോത്തരവേള ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ നൽകുന്ന വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് വിവിധ കക്ഷി നേതാക്കളുമായി പാര്‍ലമെന്‍ററികാര്യമന്ത്രി ചര്‍ച്ച നടത്തി. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതിൽ അന്തിമ തീരുമാനം സഭാധ്യക്ഷന്മാര്‍ എടുക്കും.

ഈ മാസം പതിനാലിനാണ് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കുന്നത്. ലോക്സഭ – രാജ്യസഭ സെക്ഷനുകൾ പ്രത്യേകം ഷിഫ്റ്റുകളിലായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താനാണ് തീരുമാനം. എം.പിമാർക്ക് അകലം പാലിച്ചുള്ള ഇരിപ്പിടമാണ് ഒരുക്കുന്നത്.

ചോദ്യോത്തര വേള ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. കോവിഡ് പ്രതിസന്ധിയെ ജനാധിപത്യത്തിന്റെ അരുംകൊലക്ക് കാരണമാക്കി മാറ്റുകയാണ് കേന്ദ്രസർക്കാറെന്ന് തൃണമൂൽ എം.പി ഡെറിക് ഒബ്രിയാൻ പറഞ്ഞു.

സഭ സമ്മേളിക്കാന്‍ പന്ത്രണ്ട് ദിവസം ശേഷിക്കെ, പതിനഞ്ച് ദിവസം മുൻപ് ചോദ്യങ്ങൾ തയ്യാറാക്കി നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. ചരിത്രത്തിൽ ആദ്യമായി എം.പിമാർക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഇല്ലാതാവുകയാണെന്നും എം.പി ട്വിറ്ററിൽ കുറിച്ചു.

Share
അഭിപ്രായം എഴുതാം