ഉറങ്ങി കിടന്ന വീട്ടമ്മയുടെ അഞ്ചരപവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

തലശേരി: ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയുടേയും കുട്ടിയുടേയും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. വടക്കുമ്പാട്‌ നീട്ടൂരിലെ ഷബീനാസില്‍ ഓഗസ്‌റ്റ്‌ 28 വെളളിയാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. മുകള്‍നിലയിലെ ഓടിളക്കി അകത്തുകയറിയ മോഷ്ടാവ്‌ താഴെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന വീട്ടുകാരി ഷബീനയുടെ കാലിലെ സ്വര്‍ണ്ണ പാദസരവും കയ്യിലെ ബ്രേസ്ലെറ്റും കുട്ടിയുടെ ബ്രേസ്ലെറ്റും ഉള്‍പ്പടെ അഞ്ചര പവന്റെ ആഭരണങ്ങളാണ്‌ കവര്‍ന്നത്‌. അടുത്ത മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും മോഷ്ടിച്ചു.

പുലര്‍ച്ചെ നാലുമണിയോടെ ഷബീന ഉറക്കമുണര്‍ന്നപ്പോഴാണ്‌ കിടപ്പുമുറിയുടെ വാതിലും പുറത്തെ ഗ്രില്ലും തുറന്നുകിടക്കുന്ന നിലയില്‍ കണ്ടത്‌. ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അപ്പോഴാണ്‌ അറിയുന്നത്‌. കിടപ്പുമുറിയുടെ ടവര്‍ ബോള്‍ട്ട്‌ അടര്‍ത്തി മാറ്റിയാണ്‌ മോഷ്ടാവ്‌ അകത്തുകടന്നത്‌.

എസ്‌ഐ മഹേഷ്‌ കണ്ടമ്പേത്തി ന്റെ നേതൃത്വത്തില്‍ ധര്‍മ്മടം പോലീസ്‌ സ്ഥലത്തെത്തി. മോഷണം നടത്തിയ വീട്ടിലേക്ക്‌ പോലീസ്‌ പോകുന്നവഴി ഇല്ലിക്കുന്ന്‌ വളവിലെത്തിയപ്പോള്‍ വെളളവസ്‌ത്രവും തൊപ്പിയും ധരിച്ച ഒരാള്‍ പെട്ടെന്ന്‌ ഇരുട്ടിലേക്ക്‌ ഉള്‍വലിഞ്ഞത്‌ ശ്രദ്ധയില്‍പ്പെട്ട പോലീസ്‌ പുറകേ ഓടിയെങ്കിലും ആളെ കണ്ടെത്താനായില്ല. വെളുക്കുവോളം തെരച്ചില്‍ നടത്തിയിരുന്നു. ധര്‍മ്മടം ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്‌ കൊടേരി വീട്‌ സന്ദര്‍ശിച്ചു. വിരലടയാള വിദഗ്‌ധരും ഡോഗ്‌സ്‌ക്വാഡും പരിശോധന നടത്തി.

Share
അഭിപ്രായം എഴുതാം