ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി കേന്ദ്ര കാർഷിക സര്‍വകലാശാലയുടെ കോളേജ്-അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കാര്‍ഷിക പഠനകേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും കൃഷിയെ ഗവേഷണവും നവീന സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി

ന്യൂ ഡെൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി കേന്ദ്ര കാർഷിക സര്‍വകലാശാലയുടെ കോളേജ്-അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി.

എല്ലാ വിദ്യാര്‍ത്ഥികളേയും അഭിനന്ദിച്ച പ്രധാനമന്ത്രി ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനു സംഭാവനകള്‍ നല്‍കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ കെട്ടിടങ്ങളിലെ സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുമെന്നും കൂടുതല്‍ കഠിനമായി അധ്വാനിക്കുന്നതിനു പ്രചോദനമാകുമെന്നും അദ്ദേഹം പ്രതീക്ഷ പുലര്‍ത്തി.

റാണി ലക്ഷ്മി ഭായിയുടെ ‘ഞാനെന്റെ ഝാന്‍സിയെ തരില്ല’ എന്ന വാക്കുകള്‍ ഉദ്ധരിച്ച പ്രധാനമന്ത്രി ‘എന്റെ ഝാന്‍സി, എന്റെ ബുന്ദേല്‍ഖണ്ഡ്’എന്ന വാക്യം എപ്പോഴും മനസിലുണ്ടാകണമെന്നും ആത്മനിര്‍ഭര്‍ ഭാരത് വിജയമാക്കാന്‍ ഇത് ഉപയോഗപ്പെടുത്തണമെന്നും ഝാന്‍സിയിലേയും ബുന്ദേല്‍ഖണ്ഡിലെയും ജനങ്ങളോട് ആവശ്യപ്പെട്ടു.

‘എന്റെ ഝാന്‍സി, എന്റെ ബുന്ദേല്‍ഖണ്ഡ്’ ആത്മനിര്‍ഭര്‍ ഭാരത് അഭിയാനില്‍ കൃഷിക്ക് പ്രധാന പങ്കാണുള്ളതെന്ന് പറഞ്ഞ പ്രധാനമന്ത്രി കാര്‍ഷിക മേഖലയിലെ സ്വയം പര്യാപ്തത എന്നാല്‍ കര്‍ഷകനെ ഉല്‍പ്പാദകനും സംരംഭകനുമാക്കുക എന്നാണെന്ന് വ്യക്തമാക്കി. ഈ ആശയത്തിന്റെ ചുവട് പിടിച്ചാണു നിരവധി ചരിത്രപരമായ കാര്‍ഷിക പരിഷ്‌കരണങ്ങളും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മറ്റേതൊരു വ്യവസായത്തിലേതും പോലെ ഇന്ന് കര്‍ഷകര്‍ക്കും തങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നിടത്ത് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള അവസരം കൈവന്നിരിക്കുന്നു. ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ലക്ഷം കോടിയുടെ പ്രത്യേക ഫണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിരന്തര ശ്രമങ്ങള്‍ കൃഷിയെ ആധുനിക സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ കാര്‍ഷിക സര്‍വകലാശാലകള്‍ക്കും ഗവേഷണ കേന്ദ്രങ്ങള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നും വ്യക്തമാക്കി. ആറു വര്‍ഷം മുമ്പ് ഒരു കേന്ദ്ര സര്‍വകലാശാല ഉണ്ടായിരുന്നിടത്ത് ഇന്ന് മൂന്ന് കേന്ദ്ര കാര്‍ഷിക സര്‍വകലാശാലകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവ കൂടാതെ ഝാര്‍ഖണ്ഡ് ഐഎആര്‍ഐ, അസം ഐഎആര്‍ഐ,  ബിഹാറിലെ മോത്തിഹാരിയിലുള്ള മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് എന്നീ മൂന്ന് ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു.

ബുന്ദേല്‍ഖണ്ഡിലെ വെട്ടുകിളി ആക്രമണത്തെക്കുറിച്ച് പരാമര്‍ശിക്കവേ സ്ഥിതിഗതികള്‍ നേരിടാനും അപകടങ്ങള്‍ കുറയ്ക്കാനും സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചുവെന്നു  പ്രധാനമന്ത്രി പറഞ്ഞു. നിരവധി നഗരങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചും കര്‍ഷകരെ മുന്‍കൂട്ടി അറിയിച്ചും ഡ്രോണ്‍ ഉപയോഗിച്ച് കീടനാശിനി തളിച്ചും ഡസണ്‍ കണക്കിനു നവീന സ്‌പ്രേ മെഷീനുകള്‍ ഉപയോഗിച്ചും കര്‍ഷകര്‍ക്ക് അവ ലഭ്യമാക്കിയും സര്‍ക്കാര്‍ സ്ഥിതിഗതികളെ ഫലപ്രദമായി നേരിട്ടു.

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കൃഷിയും ഗവേഷണവും തമ്മില്‍ ബന്ധിപ്പിക്കാനും ഗ്രാമങ്ങളിലെ കൃഷിക്കാര്‍ക്ക് ശാസ്ത്രീയ ഉപദേശം നല്‍കാനും ഗവണ്‍മെന്റ് നിരവധി ശ്രമങ്ങള്‍ നടത്തിവരുന്നതായി അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് അറിവും പ്രാഗല്‍ഭ്യവും എത്തിക്കുന്നതിനുള്ള ജൈവവ്യവസ്ഥ വികസിപ്പിക്കാന്‍ സര്‍വകലാശാലകളുടെ സഹായമുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കൃഷിയുമായി ബന്ധപ്പെട്ട അറിവിന്റെയും അത് സ്‌കൂള്‍തലത്തില്‍ നടപ്പില്‍ വരുത്തുന്നതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ഗ്രാമങ്ങളിലെ മിഡില്‍ സ്‌കൂള്‍ തലത്തില്‍ കൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.

കൊറോണക്കാലത്ത് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറച്ചുകൊണ്ടുവരാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള കോടിക്കണക്കിനാളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയതായി അറിയിച്ചു. ഈ കാലയളവില്‍ ബുന്ദേല്‍ഖണ്ഡിലെ ഏകദേശം 10 ലക്ഷം സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്തു. ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാനു കീഴില്‍ യുപിയില്‍ ഇതുവരെ 700 കോടി രൂപ ചെലവഴിച്ചതായും ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കിയതായും അറിയിച്ചു.


മുമ്പ് വാഗ്ദാനം ചെയ്ത എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ക്യാമ്പെയ്ന്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. 10,000 കോടി രൂപ ചെലവില്‍ ഏതാണ്ട് 500ഓളം ജലപദ്ധതികള്‍ ഈ പ്രദേശത്ത് വരുന്നതിനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇതില്‍ 3000 കോടി രൂപയുടെ പദ്ധതികള്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആരംഭിച്ചു. ഇത് ബുന്ദേല്‍ഖണ്ഡിലെ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് നേരിട്ട് ഗുണം ചെയ്യും. ബുന്ദേല്‍ഖണ്ഡിലെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്നതിനുള്ള അടല്‍ ഭൂഗര്‍ഭ ജല പദ്ധതി പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഝാന്‍സി,  മഹോബ, ബാന്‍ഡ, ഹര്‍മ്മിപൂര്‍, ചിത്രക്കൂട്, ലളിത്പുര്‍, പടിഞ്ഞാറന്‍ യു പി എന്നിവിടങ്ങളിലെ ലക്ഷക്കണക്കിനു ഗ്രാമങ്ങളിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനുള്ള 700 കോടി രൂപയുടേത് ഉള്‍പ്പെടെ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

യമുന, ബെത്വ, കെന്‍ എന്നീ നദികളാല്‍ ചുറ്റപ്പെട്ട നിലയിലാണു ബുന്ദേല്‍ഖണ്ഡ് എങ്കിലും മുഴുവന്‍ പ്രദേശങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുന്നില്ല. ഈ സാഹചര്യം മാറ്റാനുള്ള ഊര്‍ജിത ശ്രമങ്ങളാണു ഗവണ്‍മെന്റ് നടത്തുന്നത്. കെന്‍- ബെത്വ നദി ലിങ്ക് പ്രൊജക്റ്റിനു പ്രദേശത്തിന്റെ തലവര മാറ്റാന്‍ ശേഷിയുണ്ടെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാന ഗവണ്‍മെന്റുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആവശ്യമായ വെള്ളം ലഭിക്കുന്ന സാഹചര്യമുണ്ടാകുമ്പോള്‍ ബുന്ദേല്‍ഖണ്ഡിലെ ജീവിതനിലവാരം പൂര്‍ണമായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബുന്ദേല്‍ഖണ്ഡ് അതിവേഗപ്പാത, പ്രതിരോധ കോറിഡോര്‍ തുടങ്ങിയ കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ പ്രദേശത്ത് ആയിരക്കണക്കിനു പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ബുന്ദേല്‍ഖണ്ഡിന്റെ നാലു ഭാഗത്തും ‘ജയ് ജവാന്‍ ജയ് കിസാന്‍ ജയ് വിജ്ഞാന്‍’  മന്ത്രങ്ങള്‍ മുഴങ്ങും. ഈ ഭൂമിയുടെ അഭിമാനമായ ബുന്ദേല്‍ഖണ്ഡിന്റെ പൗരാണിക തിരുശേഷിപ്പുകള്‍ സംരക്ഷിക്കാനുള്ള കേന്ദ്രത്തിന്റെയും ഉത്തര്‍ പ്രദേശ് ഗണ്‍മെന്റിന്റെയും പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1649543

Share
അഭിപ്രായം എഴുതാം