ബി.ജെ.പി എം പി സാക്ഷി മഹാരാജിനെ നിർബന്ധിത ക്വാറന്റൈനിൽ അയച്ച് ഝാർഖണ്ഡ് സർക്കാർ

റാഞ്ചി: കോവിഡ് മാർഗ നിര്‍ദേശങ്ങള്‍ ലംഘിച്ച ഉത്തർപ്രദേശിലെ ബി.ജ.പി എം.പി സാക്ഷി മഹാരാജിനെതിരെ നടപടിയുമായി ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ല ഭരണകൂടം.എം പി യെ ജില്ലാ മേധാവി 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനിലയച്ചു .

ഉത്തര്‍പ്രദേശിലെ ഉന്നാവോ മണ്ഡലത്തില്‍ നിന്നുമുളള പാര്‍ലമെന്റ് അംഗമാണ് ബി ജെ പി നേതാവ് കൂടിയായ സാക്ഷി മഹാരാജ്. ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ നിന്നും ഝാര്‍ഖണ്ഡിലെ ഗിരിദിഹില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു സാക്ഷി മഹാരാജ് എന്നാണ് ജില്ലാ ഭരണാധികാരികൾ പറയുന്നത്. എന്നാൽ വൃദ്ധയായ മാതാവിനെ സന്ദർശിക്കാനാണ് താനെത്തിയത് എന്നാണ് സാക്ഷി മഹാരാജ് പറയുന്നത്.

ധന്‍ബാദ് വഴി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ മടങ്ങാനിരുന്ന മഹാരാജിനെ വഴിമധ്യേ തടഞ്ഞാണ് ജില്ല ഭരണാധികാരികള്‍ ക്വാറന്റൈനിലേക്കയച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിയമം. മഹാരാജ് സന്ദര്‍ശിച്ച ശാന്തി ഭവന്‍ ആശ്രമത്തിൽ തന്നെയാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത് .അദ്ദേഹം ക്വാറന്റൈനില്‍ കഴിയണമെന്നും ഇളവ് വേണമെങ്കില്‍ അപേക്ഷ നല്‍കാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.

മുന്‍കൂറായി അറിയിച്ച്‌ മാതാവിനെ കാണാനായി എത്തിയതായിരുന്നു താനെന്നും ക്വാറന്റൈനെക്കുറിച്ച്‌ പറഞ്ഞിരുന്നെങ്കില്‍ താന്‍ ഝാര്‍ഖണ്ഡ് സന്ദര്‍ശിക്കാന്‍ എത്തില്ലായിരുന്നുവെന്നും മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് മഹാരാജ് ആരോപിച്ചു.

ഝാര്‍ഖണ്ഡില്‍ ജെ.എം.എം, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി സഖ്യമാണ് ഭരിക്കുന്നത്.

Share
അഭിപ്രായം എഴുതാം