ഐ.പി.എല്ലിൽ റെയ്ന കളിക്കാത്തതിന് കാരണം ബന്ധുവീട്ടിലുണ്ടായ അക്രമം

മുംബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന കളിക്കാത്തത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ചതുകൊണ്ടാവാമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു

റെയ്നയുടെ അച്ഛന്റെ സഹോദരീ ഭർത്താവിന്റെ മരണമാണ് റെയ്നയുടെ തീരുമാനത്തിന് പിന്നിലെന്ന് ദേശീയ മാധ്യമമായ ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് 19-ന് അർധരാത്രി ഇവരുടെ വീട് ഒരു സംഘം ആളുകൾ ആക്രമിച്ചിരുന്നു. അതേ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആയിരുന്നു മരണം. റെയ്നയുടെ പരിക്കേറ്റ അമ്മായി ആശാ ദേവിയേയും ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നു. പഞ്ചാബിലെ പത്താൻകോട്ടിലെ തരിയൽ ഗ്രാമത്തിലാണ് റെയ്നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്.

കഴിഞ്ഞ ദിവസം 58-കാരനായ അശോക് കുമാർ മരിച്ചു. ആശാ ദേവി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇവരുടെ മക്കളായ 32-കാരനായ കൗശൽ കുമാറിനും 24-കാരനായ അപിൻ കുമാറിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അശോക് കുമാറിന്റെ 80-കാരിയായ അമ്മയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഈ സാഹചര്യത്തിലാണ് റെയ്ന യു.എ.ഇയിൽ നിന്ന് ഐ.പി.എൽ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അർധരാത്രി ഉറക്കത്തിലായിരുന്ന അശോക് കുമാറിനേയും കുടുംബത്തേയും മാരകമായ ആയുധങ്ങൾകൊണ്ട് ആക്രമിക്കുകയായിരുന്നെന്നും ദൈനിക് ജാഗരണിന്റെ റിപ്പോർട്ടിൽ പറയുന്നു.

Share
അഭിപ്രായം എഴുതാം