കൃഷി സമൃദ്ധി; ഒല്ലൂരില്‍ ഓണസഞ്ചി വിതരണം ചെയ്യുന്നു

തൃശൂര്‍: കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി ഒല്ലൂരില്‍ ‘ഓണസഞ്ചി’ വിതരണം ചെയ്യുന്നു. നിയോജക മണ്ഡലത്തിലെ പച്ചക്കറി- നേന്ത്രവാഴ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ സംഭരിച്ച് ഓണത്തിന് ആവശ്യമായ കിറ്റുകളാക്കിയാണ് ഓണസഞ്ചി എന്നപേരില്‍ വിതരണം ചെയ്യുന്നത്. രണ്ട് തരത്തിലുള്ള ഓണ സഞ്ചികളാണ് വിതരണം ചെയ്യുന്നത്. ഓണസദ്യയ്ക്ക് ആവശ്യമായ നാല് കിലോഗ്രാം നാടന്‍ പച്ചക്കറികള്‍ അടങ്ങിയ പച്ചക്കറിസഞ്ചിയും ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത മൂന്ന് തരം നേന്ത്രക്കായ ഉപ്പേരികളും അച്ചാര്‍, പുളിയിഞ്ചി, കൊണ്ടാട്ടം എന്നിവയുള്‍പ്പെടുന്ന മറ്റൊരു ഓണസഞ്ചിയും ആണ് തയ്യാറാക്കുന്നത്. ഉപ്പേരികളുടെ കൂട്ടത്തില്‍ മധുരത്തിനായി സ്പെഷ്യല്‍ പഴം പേഡയും നല്‍കുന്നുണ്ട്. പച്ചക്കറി സഞ്ചിയ്ക്ക് 200 രൂപയും ഉപ്പേരി സഞ്ചിയ്ക്ക് 350 രൂപയും ആണ് വില. രണ്ടു സഞ്ചികള്‍ക്കും കോമ്പോ ഓഫറായി 500 രൂപ മാത്രം നല്‍കിയാല്‍ മതി. പാണഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിനാണ് പച്ചക്കറി സഞ്ചി തയ്യാറാക്കുന്നതിന്റെ ചുമതല.  ഉപ്പേരി സഞ്ചി തയ്യാറാക്കുന്നത് ഒല്ലൂര്‍ കൃഷി സമൃദ്ധി ഗ്രൂപ്പുകളും.  പച്ചക്കറി സഞ്ചികള്‍ തയ്യാറാക്കുന്നത് വഴി കോവിഡ് പ്രതിസന്ധികള്‍ക്കിടയിലെ ഓണക്കാലത്ത് ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ കര്‍ഷകരുടെ 3.5 ടണ്‍ പച്ചക്കറികലാണ് വില കൊടുത്ത്സം ഭരിക്കാന്‍ കഴിഞ്ഞത്. 1.5 ടണ്‍ തൂക്കം വരുന്ന നേന്ത്രക്കായയും സംഭരിച്ച് മൂല്യവര്‍ദ്ധനവ് വരുത്തിയാണ് ഉപ്പേരികളാക്കി വിതരണം ചെയ്യുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ഈ ഓണക്കാലത്ത് ഒല്ലൂരിന്റെ കൃഷി സമൃദ്ധി ഓണസഞ്ചികളിലായി എത്തിച്ചേരും. 

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7470/Onasanchi-at-olloor.html

Share
അഭിപ്രായം എഴുതാം