പാലക്കാട് ആരോഗ്യരംഗത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോവിഡ് പ്രതിരോധത്തിന് ഗുണകരമായെന്ന് മന്ത്രി എ.കെ ബാലന്‍

പാലക്കാട് : ആരോഗ്യരംഗത്ത് സര്‍ക്കാര്‍ മുമ്പ് സ്വീകരിച്ച നടപടികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന കോവിഡ് 19 നെ പ്രതിരോധിക്കാനും നേരിടാനും ഗുണകരമായെന്ന് പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ -സാംസ്‌കാരിക -പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. തിരുവേഗപ്പുറ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 27 ലക്ഷം ചെലവഴിച്ചാണ് തിരുവേഗപ്പുറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിച്ച് കെട്ടിടം ആരോഗ്യ വകുപ്പിന് കൈമാറാന്‍ പൊതുമരാമത്ത് വകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

കോവിഡ് പ്രതിസന്ധി തുടങ്ങി ആറു മാസമായിട്ടും രാജ്യത്ത് കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സയും ക്വാറന്റൈനും നല്‍കുന്ന ഏകസംസ്ഥാനം കേരളമാണ്.  ലോക രാഷ്ട്രങ്ങളും ലോകമാധ്യമങ്ങളും വരെ സംസ്ഥാനത്തെ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയുണ്ടായി. രോഗം വര്‍ദ്ധിക്കുന്തോറും മികച്ച ആസൂത്രണങ്ങളിലൂടെയും പ്രതിരോധങ്ങളിലൂടെയും കേരളം തന്നെയാണ് രാജ്യത്തെ കുറഞ്ഞ രോഗനിരക്കും മരണനിരക്കുമുള്ള സംസ്ഥാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സര്‍വ്വതല സ്പര്‍ശിയായ പ്രാഥമിക, ദ്വിതീയ, തൃതീയ, ആരോഗ്യ സംവിധാനങ്ങളിലൂടെയും അധികാര വികേന്ദ്രീകരണത്തിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന മേല്‍നോട്ടം മുഖേനയാണ് സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. മറ്റൊരു സംസ്ഥാനത്തും കേരളത്തെപ്പോലെ സമാനമായ പൊതു ആരോഗ്യ സംവിധാനം ഇല്ല.  അവിടെ സ്വകാര്യ ആശുപത്രികളെയാണ് ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്നത്. കോവിഡ് മരണങ്ങളും രോഗവ്യാപനവും വര്‍ദ്ധിക്കാന്‍ അത് കാരണമായിട്ടുണ്ട്.  സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ പോലും രാജ്യത്തെ ഏറ്റവും കുറഞ്ഞ ചികിത്സാനിരക്കാണ് സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.  

കോവിഡ് കാലത്ത് നമ്മുടെ ഏറ്റവും അടുത്ത ആരോഗ്യ കേന്ദ്രം എന്ന നിലയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ പ്രാഥമിക ആരോഗ്യ സജീവമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളും  കേരളത്തിന്റെ മഹത്തായ മാനവിക ബോധവും ഈ മഹാമാരിക്കാലത്ത് തുണയായിട്ടുണ്ട്. ഈ പ്രതിസന്ധിയേയും അതിജീവിക്കുന്നതിനുള്ള കരുത്ത് കേരള ജനതയ്ക്ക് ഉണ്ടെന്ന് ഓഖിയും രണ്ട് പ്രളയങ്ങളും തെളിയിച്ചിട്ടുണ്ടെന്നും മന്ത്രി ഓര്‍മപ്പെടുത്തി.

പരിപാടിയില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനായി. ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ്, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മികച്ച ചികിത്സ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക സര്‍ക്കാറിന്റെ ചികിത്സാ നയം

മികച്ച ചികിത്സ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക സംസ്ഥാനത്തിന്റെ ചികിത്സാ നയമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ആരോഗ്യ രംഗത്ത് സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിച്ചതോടെ സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചെലവാണ്.  ആരോഗ്യ മേഖലയുടെ സ്വകാര്യവത്കരണം, മരുന്നുകളുടെ താങ്ങാനാവാത്ത വില, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുടെ വരവ്, ക്യാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ വര്‍ദ്ധനവ്, ഇതെല്ലാം സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണ ചെലവ് വലിയ തോതില്‍ വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.  പൊതുജനാരോഗ്യരംഗം ശക്തിപ്പെടുത്തിയാലെ ഇത്തരം വെല്ലുവിളികളെ നേരിടാനാകൂ എന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍ പുതിയ ആരോഗ്യ നയം നടപ്പിലാക്കുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം പദ്ധതി ആരംഭിച്ചത്.  ഹെല്‍ത്ത് സെന്ററുകളില്‍ ആവശ്യമായ സൗകര്യം ലഭ്യമായാല്‍ നിസാര രോഗങ്ങള്‍ക്ക് വരെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ എത്തുന്നത് ഒഴിവാക്കാന്‍ കഴിയും. ഇതുവഴി ജില്ലാ, താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും വിദഗ്ധ ചികിത്സ ആവശ്യമായവര്‍ക്ക് യഥാസമയം ലഭ്യമാക്കാനും കഴിയും.

ജില്ലാ താലൂക്ക് ആശുപത്രികളുടെ വികസനവുമായി ബന്ധപ്പെട്ട് ഡയാലിസിസ് സെന്റര്‍, ക്യാന്‍സര്‍ ഡിറ്റക്ഷന്‍ സെന്ററുകള്‍, ട്രോമ കെയര്‍ സെന്ററുകള്‍, ഹൃദ്രോഹനിര്‍ണയ കേന്ദ്രം തുടങ്ങിയവ ആരംഭിച്ചു.  മെഡിക്കല്‍ കോളേജുകളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളായി വികസിപ്പിക്കുന്നതിനും തുടക്കം കുറിച്ചു. അതോടൊപ്പം ജീവനക്കാരുടെ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുകയും ഒഴിവുകള്‍ നികത്തുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം