വിദേശ ഏജന്‍സിയുമായി കരാറില്‍ ഏർപ്പെടുന്നതിന് കേന്ദ്രാനുമതി ആവശ്യമില്ല, പിന്നീട് അറിയിച്ചാല്‍ മതി- പിണറായി വിജയന്‍. കരാർ യൂണിടാക്കുമായല്ല, ഹാബിറ്റാറ്റുമായി- തദ്ദേശവകുപ്പ് മന്ത്രി എ സി മൊയ്തീൻ.

തിരുവനന്തപുരം: ലൈഫ് മിഷനും റെഡ്ക്രെസന്‍റും തമ്മില്‍ കരാറിൽ ഏർപ്പെടുന്ന കാര്യത്തിന് കേന്ദ്ര അനുമതി ലഭിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രത്തിനെ അറിയിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വജയന്‍. 27-08-2020ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതാണ് ഈ കാര്യങ്ങൾ. ലൈഫ് മിഷൻ കോഴ ഇടപാട്, നിയമസഭയിലെ അവിശ്വാസപ്രമേയം തുടങ്ങിയവയെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കേരള സർക്കാരും റെഡ് ക്രെസന്റും തമ്മിൽ ഒപ്പുവെച്ച ലൈഫ് മിഷൻ കരാറിന് കേന്ദ്ര അനുമതി വാങ്ങിയിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് ഇതു സംബന്ധിച്ച പാർലമെൻറ് സമിതിക്ക് റിപ്പോർട്ട് നൽകി. വിദേശ രാജ്യവുമായും ഏജൻസികളുമായും കരാർ ഒപ്പിടുന്നതിന് കേന്ദ്രത്തിന് അനുമതി ആവശ്യമാണ് എന്നിരിക്കെ അതിന് കേന്ദ്ര അനുമതി ആവശ്യമില്ലെന്നും പിന്നീട് കേന്ദ്രത്തെ അറിയിച്ചാൽ മതി എന്നുമാണ് മുഖ്യമന്ത്രി വാദിക്കുന്നത്.

അതേസമയം ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണ കരാർ യൂണിടാകിനല്ല ഹാബിറ്റാറ്റിനു തന്നെയാണ് നൽകിയിരിക്കുന്നത് എന്ന് തദ്ദേശവകുപ്പ് മന്ത്രി എ സി മൊയ്തീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിനു നൽകിയ ഭരണാനുമതി റദ്ദാക്കിയിട്ടില്ല, ഹാബിറ്റാറ്റിന് ലഭിച്ച അനുമതി ഉപയോഗിച്ചാണ് യൂണിടാക് ഫ്ളാറ്റ് നിർമ്മാണം നടത്തുന്നത്.

2019 ജൂലൈ 11ന് ലൈഫ്മിഷൻ സി ഇ ഓ യും റെഡ് ക്രസൻറും തമ്മിൽ ഒപ്പുവെച്ച കരാറിൻറെ പതിപ്പ്, യോഗത്തിന്റെ മിനിറ്റ്സ്, കരാർ ഒപ്പിടാൻ സർക്കാർ അനുമതി കൊടുത്തതിന്റെ രേഖ, വിദേശസഹായം ലഭ്യമാക്കാൻ കേന്ദ്ര അനുമതി തേടിയതിന്റെ രേഖ എന്നിങ്ങനെ നാല് കാര്യങ്ങൾ ഹാജരാക്കുവാൻ ചീഫ് സെക്രട്ടറിയോട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. സഹായം സ്വീകരിക്കാൻ കേന്ദ്ര അനുമതി തേടിയിട്ടില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി നൽകിയ വിശദീകരണം ധാരണ ഒപ്പിട്ട് യോഗത്തിന് മിനിറ്റ്സ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം