കോവിഡ് പ്രതിസന്ധി മറികടക്കാന്‍ തുക ചിലവഴിച്ച് പഴയന്നൂര്‍ ബ്ലോക്ക്

തൃശൂര്‍: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 3.25 കോടി ചിലവഴിച്ചു. കോവിഡ് കാലത്ത് ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് തുക ചിലവഴിച്ചത്. ആറ് ഗ്രാമപഞ്ചായത്തുകളിലായി 137 പ്രവൃത്തികളിലൂടെ 3,203 തൊഴിലാളികള്‍ക്ക് 36,490 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചാണ് 3.25 കോടി രൂപ കൂലിയിനത്തില്‍ ലഭ്യമാക്കിയത്. ഇതില്‍ മഴക്കാലപൂര്‍വ്വ തോട് നവീകരണ പദ്ധതികളാണ് 80 എണ്ണം. 2.5 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 54 കുളങ്ങള്‍ സുഭിക്ഷ കേരളത്തിന് വേണ്ടി പണി തീര്‍ക്കുന്നതിലൂടെ 65 ലക്ഷം രൂപയും, തരിശുനിലം കൃഷി യോഗ്യമാക്കിയതില്‍ അഞ്ച് ലക്ഷം രൂപയും വനവത്കരണ പ്രവൃത്തികള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് 3.25 കോടി രൂപ ചെലവഴിക്കാന്‍ കഴിഞ്ഞത്. കൂടാതെ തോടുകളുടെ അരിക് സംരക്ഷണത്തിനായി കയര്‍ ഭൂവസ്ത്രം ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇവിടങ്ങളില്‍ തീറ്റപ്പുല്‍ കൃഷി ആരംഭിക്കുന്നതിനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു. 

കോവിഡ് 19 സാഹചര്യത്തില്‍ വരുമാന നഷ്ടം നേരിടുന്ന ഗ്രാമീണ ജനതയ്ക്ക് ആശ്വാസം പകരുന്നതാണ് നേട്ടം. ഗ്രാമീണ മേഖലക്ക് ഉത്തേജനം നല്‍കുന്നതാണ് ഇത്തരം പ്രവൃത്തികളെന്ന് ബ്ലോക്ക് പ്രസിഡന്റ് വി തങ്കമ്മ, വൈസ് പ്രസിഡന്റ് എം.പത്മകുമാര്‍ ബ്ലോക്ക് സെക്രട്ടറി എ.ഗണേഷ് എന്നിവര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5559/pazhayannur-block.html

Share
അഭിപ്രായം എഴുതാം