മോസ്കോയിൽ നടക്കുന്ന രണ്ടാം ലോക മഹായുദ്ധത്തിന്റെ 75-ാമത് വിജയദിന പരേഡിൽ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പങ്കെടുക്കും

രണ്ടാം ലോക മഹായുദ്ധത്തിൽ വിജയം നേടിയതിന്റെ  75-ാം വാർഷികത്തോടനുബന്ധിച്ച് 2020 ജൂൺ 24 ന് നടക്കുന്ന വിജയദിന  പരേഡിൽ പങ്കെടുക്കാൻ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് മോസ്കോ സന്ദർശിക്കും. രണ്ടാം ലോക മഹായുദ്ധത്തിൽ റഷ്യയും  സഖ്യകക്ഷികളും പ്രകടിപ്പിച്ച ധീരതയെയും  ത്യാഗത്തെയും ആദരിക്കുന്നതിനായാണ് പരേഡ് സംഘടിപ്പിച്ചിരി ക്കുന്നത്. 2020 മെയ് 9 ന് ആണ് പരിപാടി ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് -19 മഹാമാരി മൂലം മാറ്റിവയ്ക്കുകയായിരുന്നു. റഷ്യൻ  പ്രതിരോധമന്ത്രി സെർജി ഷൊയിഗുവാണ്  വിജയദിന പരേഡിൽ പങ്കെടുക്കാൻ രാജ്യരക്ഷാ മന്ത്രിയെ ക്ഷണിച്ചത്.

വിജയദിന പരേഡിൽ പങ്കെടുക്കുന്നതിനായി മൂന്നു സേനാവിഭാഗങ്ങളിലും പെട്ട  75- അംഗ ഇന്ത്യൻ സൈനിക സംഘം ഇതിനോടകം  മോസ്കോയിൽ എത്തിയിട്ടുണ്ട്. വിജയദിന പരേഡിൽ  പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ നയിക്കുന്നത് ധീരതയ്ക്കു പേര് കേട്ട സിഖ് ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലെ മേജർ റാങ്കിലുള്ള  ഒരു ഉദ്യോഗസ്ഥനാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ സിഖ് റെജിമെന്റ് ധീരമായി  പോരാടിയിരുന്നു. ധീരതയ്ക്കുള്ള നാല്  യുദ്ധ ബഹുമതി കളും  രണ്ട് മിലിട്ടറി ക്രോസ്‌ ബഹുമതികളും  നേടിയതിൽ അഭിമാനം കൊള്ളുന്ന റെജിമെന്റാണിത്.

രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത്  റഷ്യയും മറ്റ് രാജ്യങ്ങളും അനുഷ്ഠിച്ച മഹത്തായ ത്യാഗങ്ങൾക്കും യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികരുടെ പരമമായ ത്യാഗങ്ങൾക്കും ഉള്ള ആദരാഞ്ജലി അർപ്പിക്കലായിരിക്കും വിജയദിന പരേഡിലെ ഇന്ത്യൻ പങ്കാളിത്തം.

Share
അഭിപ്രായം എഴുതാം