കൊട്ടേഷന്‍ സംഘങ്ങള്‍ക്കുവേണ്ടി നൂറിലേറെ തോക്കുകള്‍ നിര്‍മിച്ച് വിതരണംചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍

കോട്ടയം: കൊട്ടേഷന്‍ സംഘങ്ങള്‍ക്കുവേണ്ടി നൂറിലേറെ തോക്കുകള്‍ നിര്‍മിച്ച് വിതരണംചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി സാബുവാണ് വെള്ളിയാഴ്ച പള്ളിക്കത്തോട് ഡിവൈഎസ്പി പി ജെ സന്തോഷ്‌കുമാറിന്റെ മുമ്പാകെ കീഴടങ്ങിയത്. രണ്ടുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.

ആനിക്കാട് അമ്പഴത്തുംകുന്നിലുള്ള ആലയിലാണ് തോക്ക് നിര്‍മിച്ച് കേരളത്തിലുടനീളം വിറ്റുവന്നിരുന്നത്. ജില്ലാ പൊലീസ് ചീഫ് ജി ജയദേവിനു ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്നാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ആല വളഞ്ഞ് പള്ളിക്കത്തോട് കൊമ്പിലാക്കല്‍ ബിനേഷ് കുമാര്‍ (43), ആനിക്കാട് തട്ടാംപറമ്പില്‍ രാജന്‍ (46), മനേഷ് കുമാര്‍ (43) എന്നിവരെ അറസ്റ്റ്‌ചെയ്തത്. പണിതുകൊണ്ടിരുന്ന തോക്കിന്റെ ബാരല്‍, പാത്തി എന്നിവ ആലയില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ വെടിയുണ്ടകളും പാത്തി നിര്‍മിക്കാനായി വച്ചിരുന്ന ചന്ദനത്തടി, വെടിമരുന്ന്, ബാരല്‍ ഉണ്ടാക്കാന്‍ വച്ചിരുന്ന കുഴല്‍ എന്നിവയും കണ്ടെടുത്തു.

ഏജന്റുമാര്‍ മുഖേനയാണ് ഇവര്‍ തോക്ക് വില്‍പന നടത്തിയിരുന്നത്. ഒരു തോക്കിന് 12,000 രൂപയാണ് വില, റിവോള്‍വറിന് 24,000 രൂപയും. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പ്രധാനമായും തോക്ക് വിറ്റിരുന്നത്. ഗുണ്ടാസംഘങ്ങളുടെ കൈകളിലും റിവോള്‍വറുകള്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. മൂന്നുമാസം മുമ്പാണ് പ്രധാനികള്‍ അറസ്റ്റിലായത്. ലോക്ഡൗണ്‍ സമയത്ത് 11 പേരെ പൊലീസ് വിവിധ സ്ഥലങ്ങളില്‍നിന്നു പിടികൂടി. ഇവരില്‍നിന്ന് തോക്ക് വാങ്ങി മറ്റൊരാള്‍ക്ക് നല്‍കിയ ഇടനിലക്കാരന്‍ സാബുവാണ് വെള്ളിയാഴ്ച പൊലീസില്‍ കീഴടങ്ങിയത്. സംസ്ഥാനത്തുടനീളം ഇവര്‍ക്ക് ഏജന്റുമാരുണ്ടായിരുന്നു. വിലയുടെ പകുതി പണം കൈയിലെത്തിയാല്‍ മാത്രമേ തോക്ക് നിര്‍മാണം ആരംഭിക്കുമായിരുന്നുള്ളൂ. മൂന്നുദിവസത്തിനുള്ളില്‍ തോക്ക് നിര്‍മിച്ച് കൈമാറുകയും ചെയ്യും.

Share
അഭിപ്രായം എഴുതാം