മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടനകെണിയില്‍ വായതകര്‍ന്ന് ചരിഞ്ഞ കേസില്‍ അടിമുടി പൊരുത്തക്കേടുകളെന്ന് ആരോപണം,

തൃശൂര്‍: പാലക്കാട് മണ്ണാര്‍ക്കാട്ട് കാട്ടാന സ്‌ഫോടനകെണിയില്‍ കുടുങ്ങി വായതകര്‍ന്ന് തീറ്റയും വെള്ളവും എടുക്കാനാവാതെ ചരിഞ്ഞ കേസിന്റെ അന്വേഷണത്തില്‍ അടിമുടി പൊരുത്തക്കേടെന്ന് ആരോപണം ഉയരുന്നു. പടക്കംവച്ചത് കൈതച്ചക്കയില്‍ ആണെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. പ്രതികളില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്യുന്നതിനു മുമ്പായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ വന്നതെന്ന് ശ്രദ്ധേയമാണ്. മൂന്നാംപ്രതി വില്‍സനെ പിടികൂടുകയും മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാവുകയും ചെയ്യുമെന്ന വനപാലകരുടെ വിശദീകരണം വരുകയും ചെയ്തപ്പോഴാണ് സംശയങ്ങള്‍ ഉയരുന്നത്.

തൊണ്ടുപൊളിക്കാത്ത നാളികേരം നെടുകെപിളര്‍ന്ന് അതില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചശേഷം കൂട്ടിക്കെട്ടി സ്‌ഫോടനകെണി തയ്യാറാക്കിയെന്ന് പ്രതി സമ്മതിച്ചെന്നാണ് വനപാലകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉഗ്രസ്‌ഫോടന ശേഷിയുള്ള പടക്കംവച്ചതു കൈതച്ചക്കയിലല്ലെന്നും തേങ്ങയിലാണെന്നും ലക്ഷ്യമിട്ടത് ആനയെയല്ല, കാട്ടുപന്നികളെയാണെന്നും കീഴടങ്ങിയ പ്രതി സമ്മതിച്ചെന്ന വാര്‍ത്ത അരിയാഹാരം കഴിക്കുന്ന മലയാളികള്‍ വിശ്വസിക്കുകയില്ല. കാരണം, തൊണ്ടുപൊളിക്കാത്ത നാളികേരം കാട്ടുപന്നികളുടെ വായക്കുള്ളില്‍ ഒതുങ്ങുകയില്ല എന്നതുതന്നെ. കാട്ടുപന്നിയുടെ വായ അത്രത്തോളം തുറക്കാന്‍ കഴിയുകയില്ലെന്ന് ഏത് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമെന്നിക്കെ വനപാലകര്‍ വിശ്വസിച്ചാലും സാധാരണ ജനം വിശ്വസിക്കുകയില്ല.

കാട്ടുപന്നിയെ ആകര്‍ഷിക്കാന്‍ അകലേക്ക് മണംകിട്ടുന്ന എന്തെങ്കിലും വസ്തുവില്‍മാത്രമേ വേട്ടക്കാര്‍ പന്നിപ്പടക്കം വയ്ക്കുകയുള്ളൂ. കശാപ്പുക്കടയില്‍നിന്നു വാങ്ങുന്ന മാംസവേസ്‌റ്റോ(പശള) കൈതച്ചക്കയോ ആയിരിക്കും വേട്ടക്കാര്‍ സാധാരണ ഉപയോഗിക്കുക. നായകള്‍ക്ക് കൊടുക്കാനാണെന്നു പറഞ്ഞാല്‍ കശാപ്പുകടയില്‍നിന്ന് എത്രവേണമെങ്കിലും മാംസവേസ്റ്റ് ലഭിക്കുകയും ചെയ്യും. തൊണ്ടുപൊളിക്കാത്ത നാളികേരത്തില്‍ സ്‌ഫോടകവസ്തു വച്ചാല്‍ അകലേക്ക് മണം എത്തുകയില്ല. അതിനാല്‍ കാട്ടുപന്നിയെ ആകര്‍ഷിക്കാന്‍ ആരും നാളികേരം ഉപയോഗിക്കുകയില്ല.

എന്നാല്‍, ഒരു ആനയ്ക്ക് അത് അനായാസം കഴിയുന്ന കാര്യമാണ്. ഭക്തര്‍ തൊണ്ടോടെ നല്‍കുന്ന നാളികേരം ആന ചവിട്ടിപ്പൊട്ടിച്ചു കഴിയുമ്പോള്‍ അതിനുള്ളിലെ മൃദുവും രുചികരവുമായ കാമ്പ് പാപ്പാന്‍ എടുത്ത് ആനയ്ക്കു നല്‍കുന്നത് നാം സാധാരണ കാണുന്നതാണ്. അതുകൊണ്ടുതന്നെ നാളികേരത്തിലുള്ള സ്‌ഫോടനകെണി ആനയെ ഉദ്ദേശിച്ചുതന്നെയെന്നാണു മനസിലാവുന്നത്. ആനയ്ക്ക് ഏല്‍ക്കുന്നതും പന്നിക്ക് ഏല്‍ക്കുകയില്ലാത്തതുമായ കെണിയാണ് മണ്ണാര്‍ക്കാട്ട് വച്ചതെന്ന് നിസ്സംശയം പറയാന്‍ കഴിയും. കേസിന്റെ ഇപ്പോഴത്തെ കിടപ്പുകണ്ടിട്ട് വിദഗ്ധനായ പ്രതിഭാഗം വക്കീലിന് പ്രതികളെ അനായാസം രക്ഷിച്ചെടുക്കാനാവും.

ഒരു ആനയ്ക്ക് ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 80 ലക്ഷത്തിനു മുകളിലാണ് (കാര്‍ബണ്‍ സിനിമ കണ്ടവരാരും ഫഹദ് ഫാസില്‍ ആനയ്ക്ക് വിലപറയുന്നത് മറക്കുകയില്ല). കാട്ടാനയെ കെണിവച്ച് കൊന്ന കേസാവുമ്പോള്‍ മൂന്ന് കോടിക്കു മുകളിലെങ്കിലും പിഴ ശിക്ഷ കിട്ടിയേക്കാം. മാത്രമല്ല, ചരിഞ്ഞ പിടിയാന ഗര്‍ഭിണിയുമായിരുന്നു. അതിനാല്‍ പിഴത്തുക ഇനിയും കൂടിയേക്കാം. കോടതിയില്‍ തള്ളിപ്പോകുന്ന തരത്തില്‍ ലൂസ്‌ഹോളിട്ട് കേസ് എടുക്കുന്ന തന്ത്രമൊക്കെ മലയാളികള്‍ ഏറെ കണ്ടിട്ടുള്ളതാണ്. മൂന്നിലധികം പ്രതികളുള്ള കേസില്‍ ആലോചിച്ചുറപ്പിച്ച് ഒരാള്‍ കീഴടങ്ങിയതാണെന്നു സംശയിച്ചാലും തെറ്റുപറയാനാവില്ല.

Share
അഭിപ്രായം എഴുതാം