തിരുവനന്തപുരം: കര്‍ഷകര്‍ക്ക് അധിക വരുമാനസ്രോതസ്സായി ഫലവൃക്ഷ കൃഷി പദ്ധതിയുമായി മില്‍മ. രാജ്ഭവനില്‍ ഡോ. വര്‍ഗ്ഗീസ് കുര്യന്റെ സ്മരണാര്‍ത്ഥം മാവിന്‍തൈ നട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മില്‍മ ഫലവൃക്ഷം പദ്ധതി ഉദ്ഘാടനം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം വിയറ്റ്‌നാം ഏര്‍ളി സ്വാര്‍ഫ് പ്ലാവിന്‍ തൈ വനംമന്ത്രി കെ. രാജുവിന് നല്‍കി ഗവര്‍ണര്‍ നിര്‍വഹിച്ചു. പ്ലാവിന്‍ തൈ മന്ത്രി രാജ്ഭവന്‍ അങ്കണത്തില്‍ നട്ടു.
പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ആനന്ദ് മാതൃക ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകരിലൂടെ ഫലവൃക്ഷ കൃഷി പ്രോല്‍സാഹിപ്പിക്കും. അത്യുല്പാദനശേഷിയുളളതും ഏറ്റവും കുറഞ്ഞകാലയളവില്‍ ഗുണമേന്മയേറിയ കായ്ഫലം ലഭിക്കുന്നതുമായ മുന്തിയ ഇനം പ്ലാവ്, മാവ്, ചിക്കൂസ്, മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍ തുടങ്ങിയ ഫലവൃക്ഷങ്ങളാണ് ആദ്യഘട്ടത്തില്‍ കൃഷിചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ 10,000 ഫല വൃക്ഷങ്ങള്‍ നട്ട് വളര്‍ത്തുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.
വിയറ്റ്‌നാം ഏര്‍ളി ഡ്വാര്‍ഫ്, സിന്ദൂരം എന്നീ ഇനം പ്ലാവിന്‍ തൈകളും മല്ലിക, കലപ്പാടി, ഹിമാം പസന്ദ്, സിന്ദൂരം, നീലം തുടങ്ങിയ മാവിന്‍ തൈകളും ഈ വര്‍ഷം കര്‍ഷകര്‍ക്ക് ലഭ്യമാക്കും. പദ്ധതിപ്രകാരം അര്‍ഹരായ ക്ഷീരകര്‍ഷകര്‍ക്ക് സംഘങ്ങളിലൂടെ പകുതി വിലയ്ക്ക് തൈകള്‍ വിതരണം ചെയ്യും. മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ്, മില്‍മ മാനേജിംഗ് ഡയറക്ടര്‍ പാട്ടീല്‍ സുയോഗ് സുഭാഷ് റാവു, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ സദാശിവന്‍ പിള്ള, കെ. രാജശേഖരന്‍, വി. വേണുഗോപാലക്കുറുപ്പ്, എസ്. ഷീജ, ലിസി മത്തായി, ഗിരീഷ്‌കുമാര്‍, വി. വി. വിശ്വന്‍, സുശീല എന്നിവര്‍ സംബന്ധിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4896/Milma-sapling-planting-programme.html