150 കോടിയിലേറെ രൂപ സാധാരണക്കാരില്‍നിന്നു തട്ടിയെടുത്ത ഉണ്ണികൃഷ്ണന്‍ നായരെ തെളിവെടുപ്പിന് തിരുവല്ലയില്‍ കൊണ്ടുവന്നപ്പോള്‍ ജനം പൊട്ടിത്തെറിച്ചു

തിരുവല്ല: 150 കോടിയിലേറെ രൂപ സാധാരണക്കാരില്‍നിന്നു തട്ടിയെടുത്ത ഉണ്ണികൃഷ്ണന്‍നായരെ തെളിവെടുപ്പിന് തിരുവല്ലയില്‍ കൊണ്ടുവന്നപ്പോള്‍ ജനം പൊട്ടിത്തെറിച്ചു. അടൂര്‍ ചൂരക്കോട് ചാത്തന്നൂര്‍പ്പുഴ മുല്ലശ്ശേരില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍നായരെ(56) തെളിവെടുപ്പിന് കൊണ്ടുവന്നപ്പോളാണ് ജനങ്ങള്‍ അക്രമാസക്തരായത്. കേരളാ ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനം മുഖേനെയായിരുന്നു ഇയാളുടെ തട്ടിപ്പുകളെല്ലാം അരങ്ങേറിയത്. 28 വര്‍ഷംകൊണ്ട് ഉണ്ണികൃഷ്ണന്‍നായര്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി നാട്ടുകാരില്‍നിന്ന് തട്ടിയെടുത്തത് 150 കോടിയോളം രൂപ. സാമ്പത്തിക തട്ടിപ്പു നടത്തി അകത്തായപ്പോള്‍ തന്റെ കൈവശം ഇനി ഇതേയുള്ളൂവെന്നു പറഞ്ഞ് ഉയര്‍ത്തിക്കാട്ടിയത് പാപ്പര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.

1992 മുതല്‍ കോയമ്പത്തൂര്‍ ആസ്ഥാനമാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപനത്തിന്റെ 28 ബ്രാഞ്ചുകള്‍ ഇയാള്‍ ആരംഭിച്ചിരുന്നു. സാധാരണക്കാര്‍ മുതല്‍ ഗസറ്റഡ് റാങ്കില്‍നിന്ന് റിട്ടയറായവര്‍ വരെ ഇവരുടെ തട്ടിപ്പിന് ഇരയായി. ഒന്നരവര്‍ഷം മുമ്പ് സംസ്ഥാനത്തെ ബ്രാഞ്ചുകള്‍ മുഴുവന്‍ ഒറ്റയടിക്ക് അടച്ചുപൂട്ടി മുങ്ങിയ ഉണ്ണികൃഷ്ണന്‍നായര്‍ വിവിധ ജില്ലകളിലായി വാടകവീടുകളില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. ഉണ്ണികൃഷ്ണന്‍നായരെ കൂടാതെ സ്ഥാപനത്തിന്റെ എംഡിമാരായ ഭാര്യ കോമള, വിജയലക്ഷ്മി എന്നിവരും കേസില്‍ പ്രതികളാണ്. കോമളയും വിജയലക്ഷ്മിയും ഇപ്പോഴും ഒളിവിലാണ്.

നിക്ഷേപങ്ങള്‍ക്ക് ബാങ്ക് പലിശയുടെ മൂന്നിരട്ടി വരെ പ്രതിമാസം പലിശ ലഭിക്കുമെന്ന കമ്പനിയുടെ കപടവാഗ്ദാനത്തില്‍വീണ് ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ചവര്‍ക്ക് പണം നഷ്ടപ്പെട്ടിരിക്കുകയാണ്. തട്ടിപ്പുനടത്തി ലഭിച്ച കോടികള്‍കൊണ്ട് ഉണ്ണികൃഷ്ണന്‍നായരും കൂട്ടരും കൊച്ചിയിലും തിരുവനന്തപുരത്തുമടക്കം കോടികളുടെ വസ്തുവകകളും ആഡംബര വാഹനങ്ങളും വാങ്ങിക്കൂട്ടി.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുന്നൂറില്‍പ്പരം കേസുകളാണ് ഇതുവരെ ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം ബ്രാഞ്ചിലെ ഇടപാടുകാരുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞമാസം ഉണ്ണികൃഷ്ണന്‍നായരെ വാടകവീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ കാക്കനാട് സബ് ജയിലില്‍ റിമാന്റിലായിരുന്നു. ഇവിടെനിന്നാണ് തെളിവെടുപ്പിനായി തിരുവല്ലയില്‍ കൊണ്ടുവന്നത്.

Share
അഭിപ്രായം എഴുതാം