തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൈയും കാലും കെട്ടി മണല്‍ക്കൂനയില്‍ കുഴിച്ചിട്ടു

രാജ്കോട്ട്(ഗുജറാത്ത്): തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൈയും കാലും കെട്ടി ജീവനോടെ മണലില്‍ കുഴിച്ചിട്ട 30കാരന്‍ മണ്ണുമാന്തി പുറത്തുവന്ന് ജയിലിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഗോണ്ടാല്‍ നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം. കപില്‍ മാര്‍ക്കാന എന്നയാളാണ് മരണത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. അക്രമികളായ അരവിന്ദ് ബംഭാവ, രവി വകടാര്‍, ചാന്ദു ഭര്‍വാഡ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അരവിന്ദ ബംഭാവയ്ക്ക് കപിലിനോട് ഉണ്ടായ ശത്രുതയാണ് ക്രൂരമായ അക്രമത്തിലേക്കു നയിച്ചത്. ഗോണ്ടലിലെ ബംഭാവയുടെ ശിവശക്തി ഡയറിയില്‍ ആറുവര്‍ഷമായി ജോലിക്കാരനായിരുന്നു കപില്‍. സ്ഥാപനം സാമ്പത്തിക നഷ്ടത്തിലാവാന്‍ കാരണക്കാരന്‍ കപിലാണെന്നു പറഞ്ഞായിരുന്നു ബംഭാവയും കൂട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കപിലിനെ ഭര്‍വാഡയുടെ ക്യാബിനിലേക്ക് കൊണ്ടുപോയി കൈകൊണ്ടും വടികൊണ്ടും മര്‍ദിച്ചശേഷം മണല്‍ക്കൂനയ്ക്കുള്ളില്‍ കുഴിച്ചിട്ടു. കപിലിനെ അങ്ങനെ കിടന്ന് മരിക്കാന്‍ വിട്ടിട്ട് മൂവരും ക്യാബിനിലേക്ക് തിരിച്ചുപോയി. മണ്ണിനടിയില്‍ കിടന്ന് മരണവെപ്രാളത്തില്‍ പിടഞ്ഞതോടെ കാലിലെ കെട്ട് അയഞ്ഞു. തുടര്‍ന്ന് മണ്ണില്‍നിന്ന് ഒരുവിധം പുറത്തുകടന്നു.

മാര്‍ക്കാന രക്ഷപ്പെട്ട് ഓടിവരുന്നതുകണ്ട് അക്രമിസംഘം പിന്നാലെ ഓടിച്ചെന്നു. ഗോണ്ടാല്‍ സബ ്ജയിലിലേക്ക് ഓടിക്കയറിയ കപിലിനെ അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ സംരക്ഷിച്ചു. എല്ലാ സംഭവവും പൊലീസിനെ അറിയിക്കുകയും അക്രമികളെ മൂന്നിനെയും രാത്രിതന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം