പാരാമിലിറ്ററി കാന്റീനുകളില്‍നിന്ന് ആയിരത്തോളം ഇനം വിദേശി ഉത്പന്നങ്ങള്‍ നീക്കംചെയ്തു

ന്യൂഡല്‍ഹി: പാരാമിലിറ്ററി കാന്റീനുകളില്‍നിന്ന് ആയിരത്തോളം ഇനം വിദേശി ഉത്പന്നങ്ങള്‍ നീക്കംചെയ്തു. കിന്‍ഡര്‍ ജോയ്, ന്യൂടേല്ല, ടിക് ടാക്, ഹോര്‍ലിക്സ് ഓട്സ്, യൂറേക്ക ഫോര്‍ബ്സ്, അഡിഡാസ് ബോഡി സ്േ്രപ തുടങ്ങി ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉത്പന്നങ്ങളാണ് ഒഴിവാക്കിയത്. പകരം ആഭ്യന്തരമായി ഉത്പാദിപ്പിച്ചവ വില്‍പനയ്ക്ക് വയ്ക്കാനാണ് നിര്‍ദേശം. സ്വദേശി ഉത്പന്നങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഇതിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളില്‍നിന്നും ഉത്പന്നം തിരിച്ചുള്ള വിവരങ്ങള്‍ തേടിയിട്ടണ്ട്.

കമ്പനികള്‍ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ ഉല്‍പന്നങ്ങളെയും മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചു. കാറ്റഗറി ഒന്നില്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഉത്പന്നങ്ങളാണുള്ളത്. കാറ്റഗറി രണ്ടില്‍ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്തതും ഇന്ത്യയില്‍ ഉത്പാദിപ്പിച്ചതോ കൂട്ടിച്ചേര്‍ത്തതോ ആയവയാണുള്ളത്. കാറ്റഗറി മൂന്നില്‍ പൂര്‍ണമായും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളും. കാറ്റഗറി ഒന്ന്, രണ്ട് എന്നിവയ്ക്കു കീഴിലുള്ള ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് അനുവദിക്കും. കാറ്റഗറി മൂന്നിനു കീഴിലുള്ളവ ഒഴിവാക്കും. കേന്ദ്ര സായുധ പൊലീസ് സേനയുടെ എല്ലാ കാന്റീനുകളും ജൂണ്‍ ഒന്നുമുതല്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രമായിരിക്കും വില്‍ക്കുകയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് നടപടി.

Share
അഭിപ്രായം എഴുതാം