ബെവ്‌കോ ആപ്ലിക്കേഷന്‍ റെഡി; മദ്യവില്‍പന വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം: ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ബെവ്‌കോ ആപ്ലിക്കേഷനില്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഇന്നുമുതല്‍ ആരംഭിക്കും. ബുധനാഴ്ച് ഉച്ചകഴിഞ്ഞ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാവും. എട്ടുലക്ഷം പേര്‍ ഒരേസമയം ഈ ആപ്ലിക്കേഷനില്‍ എത്തിയാലും സെര്‍വറിന് ഒരു തകരാറും സംഭവിക്കില്ലെന്നാണ് ഫെയര്‍കോഡ് നല്‍കുന്ന ഉറപ്പ്. വ്യാഴാഴ്ച മുതല്‍ മദ്യവില്‍പന ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. മദ്യവില്‍പനയെ സംബന്ധിച്ച് വിശദീകരിക്കാന്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് എക്‌സൈസ് മന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ഒരു മണിക്കൂറില്‍ ഒരു കൗണ്ടറില്‍ 50 പേര്‍ക്ക് മദ്യംനല്‍കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. പേരും മൊബൈല്‍ നമ്പരും എന്‍ട്രി ചെയ്യുമ്പോള്‍ അടുത്തുള്ള മദ്യവിതരണ കേന്ദ്രത്തിന്റെ പേരുസഹിതം ടോക്കണ്‍ ലഭിക്കും. ഈ ടോക്കണുമായി വിതരണകേന്ദ്രത്തില്‍ എത്തണം. ടോക്കണ്‍ ലഭിച്ച ദിവസംതന്നെ വാങ്ങണമെന്ന് നിര്‍ബന്ധമില്ല. പിറ്റേന്നും വാങ്ങാവുന്നതാണ്. ബാറുകളെയും ബിവറേജ് ഔ്ട്ട്‌‌ലറ്റിനെയും കസ്റ്റമര്‍ക്ക് തിരഞ്ഞടുക്കാന്‍ കഴിയില്ല. ബാറില്‍നിന്ന് പാര്‍സലായി വാങ്ങണം. അവിടെയിരുന്ന് കഴിക്കാന്‍ അനുമതിയില്ല.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരു ദിവസം 4.8 ലക്ഷം പേര്‍ക്ക് മദ്യംനല്‍കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. നിസ്സഹകരണം പ്രഖ്യാപിച്ച 30 ബാറുകളെ ആപ്ലിക്കേഷനില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 1100ല്‍ താഴെ ബാറുകളാകും ബെവ്‌കോ ആപ്പുമായി കൈകോര്‍ക്കുക. ബാറുകള്‍ അണുവിമുക്തമാക്കുന്ന നടപടികള്‍ നേരത്തെതന്നെ ആരംഭിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം