തൃശ്ശൂര്‍; ‘ജലപ്രയാണം’ മാതൃകാ പദ്ധതിയാക്കും: മന്ത്രി സി. രവീന്ദ്രനാഥ്

തൃശ്ശൂര്‍: കരുവന്നൂർ, മണലി, കുറുമാലി പുഴകളുടെ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള ‘ജലപ്രയാണം’ പദ്ധതിക്ക് ഔപചാരികമായി തുടക്കം കുറിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായുള്ള വീഡിയോ കോൺഫറൻസിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പദ്ധതിയുടെ ഭാഗമായുള്ള പുഴ ശുചീകരണ പ്രവർത്തനം ചൊവ്വാഴ്ച തന്നെ ആരംഭിക്കാൻ മന്ത്രി നിർദേശം നൽകി. ജലപ്രയാണം മാതൃകാ പദ്ധതിയായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. പുഴകളുടെ തുടക്കത്തിൽനിന്നാണ് പദ്ധതി തുടങ്ങുക. എങ്കിലേ ഒഴുക്ക് പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് മന്ത്രി പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ രണ്ടാഴ്ച കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം. വീഡിയോ കോൺഫറൻസിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും പദ്ധതിയിൽ തങ്ങളുടെ പങ്കാളിത്തവും സഹകരണവും അറിയിച്ചു.

നീർച്ചാലുകളുടെ വീണ്ടെടുപ്പ്, പുഴകളുടെ ശുചീകരണം കയ്യേറ്റം ഒഴിപ്പിക്കൽ, തോടുകളുടെ ശുചീകരണം പുനരുജ്ജീവനം, സ്വാഭാവിക ജലപ്രവാഹം സുഗമമാക്കൽ എന്നീ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നടത്തുക. കൂടാതെ ജലസ്രോതസ്സുകളുടെ സംഭരണ ശേഷി വർധിപ്പിക്കൽ, മഴവെള്ള ശേഖരണം സംവിധാനങ്ങളുടെ ശുചീകരണവും ഇതോടൊപ്പം നടത്തും. ‘ഒരു കൈകുമ്പിൾ നമുക്കും വരും തലമുറയ്ക്കും’ എന്നതാണ് ജല പ്രയാണം’ ലക്ഷ്യം വെക്കുന്നത്.

പുഴകൾ ഒഴുകുന്ന 24 ഗ്രാമപഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പുഴകളിലെ മണ്ണ് നീക്കാൻ പ്രത്യേക നടപടിക്രമം പുറപ്പെടുവിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, വിവിധ വികസന വകുപ്പുകളും, ഏജൻസികളും സന്നദ്ധ സംഘടനകളും, സന്നദ്ധ പ്രവർത്തകരും ഈ പദ്ധതിയുടെ ഭാഗമാകും. ജൂൺ അഞ്ച് വരെയാണ് ജില്ലയിൽ ജലപ്രയാണം പ്രവർത്തനങ്ങൾ നടത്തുക.
വീഡിയോ കോൺഫറൻസിൽ മന്ത്രിക്ക് പുറമെ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ഗീത ഗോപി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, സ്ഥിരം സമിതി അധ്യക്ഷൻ കെ.ജെ. ഡിക്സൻ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ നിമ്യ ഷിജു, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി തിലകൻ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/8295

Share
അഭിപ്രായം എഴുതാം