സാക്ഷികള്‍ കൂറുമാറി, മലപ്പുറത്തെ ദുരഭിമാന കൊലക്കേസിലെ പ്രതിയെ വെറുതെവിട്ടു

മലപ്പുറം: സാക്ഷികള്‍ കൂറുമാറി, മലപ്പുറത്തെ ദുരഭിമാന കൊലക്കേസിലെ പ്രതിയെ വെറുതെവിട്ടു. മകള്‍ ആതിര(21)യെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ പിതാവ് മഞ്ചേരി കീഴൂപ്പറമ്പ് പൂപത്തികണ്ടി രാജനെ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കുറ്റവിമുക്തനാക്കിയത്. വിചാരണയ്ക്കിടെ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി രാജനെ വെറുതെവിട്ടത്. 2018 മാര്‍ച്ച് 22നാണ് കേസിനാസ്പദമായ സംഭവം. അന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാരാമെഡിക്കല്‍ ജീവനക്കാരിയായിരുന്ന ആതിര കൊല്ലപ്പെട്ടത്. ഇതര സമുദായത്തില്‍പ്പെട്ട യുവാവിനെ വിവാഹംകഴിക്കാന്‍ തീരുമാനിച്ചതിലെ എതിര്‍പ്പുമൂലം ആതിരയെ പിതാവ് രാജന്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കൊയിലാണ്ടി സ്വദേശിയായ യുവാവുമായി ആതിര ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ തുടക്കംമുതല്‍ രാജന്‍ എതിര്‍ത്തിരുന്നെങ്കിലും പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് വിവാഹം നടത്താന്‍ നിശ്ചയിച്ചു. ബന്ധുക്കള്‍ എല്ലാവരുമെത്തി വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതിനിടെയായിരുന്നു അക്രമം. ആതിരയുമായി ഉണ്ടായ തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന രാജന്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തിയെന്നായിരുന്നു കേസ്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം