മദ്യവില്‍പനയ്ക്ക് മാര്‍ഗരേഖയായി; രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ മദ്യം ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പനയ്ക്ക് മാര്‍ഗരേഖയായി. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ച് മണിവരെ മദ്യം ലഭിക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ സംസ്ഥാനത്ത് മദ്യവില്‍പന ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും. വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ എടുത്തുവേണം മദ്യംവാങ്ങാന്‍ വില്‍പനശാലയിലെത്താന്‍. ടോക്കണുമായി വരുന്ന അഞ്ചുപേരെ മാത്രമേ ഒരേസമയം മദ്യശാലയില്‍ അനുവദിക്കൂ. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളിലെ സാമൂഹിക അകലം പാലിച്ചായിരിക്കും മദ്യവില്‍പന. ഒരുതവണ മദ്യം വാങ്ങിയാല്‍ നാലുദിവസം കഴിഞ്ഞു മാത്രമേ വീണ്ടും മദ്യംവാങ്ങാന്‍ അനുമതി ലഭിക്കുകയുള്ളൂ.

ഹോട്ട് സ്‌പോട്ടില്‍ മദ്യവില്‍പന ഇല്ല. മദ്യവില്‍പനയ്ക്കായി മൊബൈല്‍ ആപ്പ് നിര്‍മിച്ച കമ്പനിക്ക് എസ്എംഎസില്‍നിന്ന് വരുമാനമൊന്നും കിട്ടുകയില്ല. എസ്എംഎസ് ചാര്‍ജ് ഈടാക്കുന്നത് ബെവ്‌കോയാണ്. 2,83,000 രൂപയാണ് ആപ്പിനായി എക്‌സൈസിന് ഒരു വര്‍ഷത്തേക്കു ചെലവാകുന്നത്. അഞ്ചുലക്ഷം രൂപയില്‍ താഴെയുള്ള സ്റ്റാര്‍ട്ടപ്പ് പ്രോജക്ടുകള്‍ക്ക് ടെന്‍ഡര്‍ വേണ്ടെന്ന ഉത്തരവുണ്ട്. അതിനാല്‍ മൊബൈല്‍ ആപ്പ് നിര്‍മാണത്തിന് ടെന്‍ഡര്‍ വിളിക്കാത്തതില്‍ അപാകതയില്ലെന്നും ബെവ്‌കോ അധികൃതര്‍ വിശദീകരിക്കുന്നു.

Share
അഭിപ്രായം എഴുതാം