കോഴിക്കോട് മെഡിക്കല്‍ കോ ളേജില്‍ പരിചരണജോലികള്‍ റോബോട്ട് ഏറ്റെടുത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളുടെ പരിചരണജോലികള്‍ റോബോട്ട് ഏറ്റെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ചികിത്സയിലുള്ളവര്‍ക്ക് ഇനി ‘റോബോട്ടാശാ’നാണ് വെള്ളവും ഭക്ഷണവും മരുന്നും നല്‍കാന്‍ വരുക. കോവിഡ് രോഗികളുമായി ജീവനക്കാര്‍ക്ക് നേരിട്ടുള്ള ബന്ധം കുറയ്ക്കാനായി പ്രത്യേകം തയ്യാറാക്കിയ റിമോര്‍ട്ട് കാറാണ് റോബോട്ടിക് മെഡിക്കല്‍ അസിസ്റ്റന്റ്. രോഗികള്‍ക്ക് മൂന്നുനേരം ഭക്ഷണം, വെള്ളം, ബെഡ് ഷീറ്റ് തുടങ്ങിയവയെല്ലാം എത്തിക്കുന്നതിനാണ് റോബോട്ടിക് മെഡിക്കല്‍ അസിസ്റ്റന്റിനെ തയ്യാറാക്കിയത്.

കോവിഡ് രോഗികളെ പരിചരിക്കുന്നവര്‍ അവരുടെ അടുത്തേക്ക് പോകുമ്പോള്‍ പിപിഇ കിറ്റ് ധരിക്കേണ്ടതുണ്ട്. ഒരുതവണ ഉപയോഗിച്ച കിറ്റ് പിന്നീട് ഉപയോഗിക്കാന്‍ പറ്റില്ല. വലിയ വിലയും ലഭ്യതക്കുറവുമുള്ള പിപിഇ കിറ്റ് ഉപയോഗിച്ചശേഷം ഉപേക്ഷിക്കേണ്ടിവരുന്നു. മാത്രമല്ല ഇവ കൂട്ടമായി നശിപ്പിക്കലും പ്രശ്‌നമാണ്. ഇതിനു പരിഹാരമായിട്ടാണ് ഇംഗ്ലീഷ് സിനിമകളില്‍മാത്രം നമുക്കു കണ്ടു പരിചയമുള്ള കിടിലന്‍ റോബോട്ടുകള്‍ തയ്യാറാക്കിയത്.

25 കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഈ റോബോട്ട് 15 പേര്‍ക്ക് ഒരേ സമയം ഭക്ഷണവും വെള്ളവും എത്തിക്കും. ഒരു കിലോമീറ്റര്‍ ദൂരംവരെ റിമോട്ട് വഴി ഈ ‘ചങ്ങായി’യെ നിയന്ത്രിക്കാം. റോബോട്ടില്‍ ടാബ്‌ലറ്റ് കംപ്യൂട്ടര്‍ ഘടിപ്പിച്ചാല്‍ ജീവനക്കാര്‍ക്ക് രോഗികളുമായി വിഡിയോകാള്‍ വഴി സംസാരിക്കുകയും കൗണ്‍സലിങ് നല്‍കുകയുമാവാം. സാങ്കേതികവിദ്യയില്‍ ഏറെ പരിചയമില്ലാത്തവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ ലളിതമായാണ് റോബോട്ടിന്റെ പ്രവര്‍ത്തനം.

വാര്‍ഡില്‍ ‘ഡ്യൂട്ടി’ കഴിഞ്ഞുവരുന്ന റോബോട്ടിനെ ഓരോ തവണയും അണുവിമുക്തമാക്കും. ഒരു റോബാട്ടിന് 50,000 രൂപയാണ് നിര്‍മാണച്ചെലവ്. എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുലക്ഷം രൂപ ചെലവഴിച്ച് രണ്ട് റോബോട്ടുകള്‍ മെഡിക്കല്‍ കോളേജിനായി വാങ്ങി. വിമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ റിസര്‍ച്ച് ടീമാണ് റോബോട്ടിന്റെ രൂപകല്‍പനയും നിര്‍മാണവും നടത്തിയത്.

Share
അഭിപ്രായം എഴുതാം