യുവതികള്‍ക്കുനേരെ വംശീയ അധിക്ഷേപം നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: യുവതികള്‍ക്കുനേരെ വംശീയ അധിക്ഷേപം നടത്തിയതിന് തമിഴ്‌നാട്ടില്‍ ഒരാള്‍ അറസ്റ്റില്‍. കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ രണ്ട് മണിപ്പൂരി സ്ത്രീകള്‍ക്കെതിരായി വംശീയ അധിക്ഷേപം നടത്തിയതിന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് അറസ്റ്റ്. ആംബുലന്‍സ് ഡ്രൈവറായ എം വിഘ്നേഷ് (27) ആണ് അറസ്റ്റിലായത്. കോയമ്പത്തൂരിലും തമിഴ്നാട്ടിലും കൊവിഡ് വൈറസ് പടര്‍ത്താതെ ചൈനയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരി സ്വദേശിയായ ജെന്നി ഹൊഹ്വാന്‍കിയം (19) തന്നെയും തന്റെ സുഹൃത്തിനെയും തടഞ്ഞുവെന്നും ഉപദ്രവിച്ചുവെന്നും കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ജെന്നിയും സുഹൃത്തും കഴിഞ്ഞ അഞ്ചുമാസമായി കോയമ്പത്തൂരിലെ സുപ്രിം ഹെല്‍ത്ത് കെയറില്‍ ജോലിചെയ്യുകയാണ്. ഞായറാഴ്ച വൈകീട്ട് നഗരത്തില്‍ ഷോപ്പിങിന് എത്തിയപ്പോഴാണ് സംഭവം. സ്പീഡ് ആംബുലന്‍സ് ഓഫീസിനു സമീപമെത്തിയപ്പോള്‍, ഗോ കൊറോണ എന്നുപറഞ്ഞ് വിഘ്‌നേഷ് ഇവരെ അപമാനിക്കുകയായിരുന്നു. ചൈനയിലേക്ക് പോകുന്നതിനുപകരം എന്തിനാണ് ഇവിടെ കിടക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു.

തങ്ങള്‍ മണിപ്പൂരില്‍നിന്നുള്ളവരാണെന്ന് യുവതികള്‍ പറഞ്ഞെങ്കിലും ശ്രദ്ധിക്കാതെ അധിക്ഷേപം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് ജെന്നി സെയ്ബാബ കോളനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിഘ്നേഷിനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം