കോവിഡ് കാലത്ത് പോഷണക്കുറവുള്ള കുട്ടികള്‍ക്ക് തേനമൃത്

തിരുവനന്തപുരം: കോവിഡ് കാലത്ത് 18 വയസിന് താഴെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റി സയന്‍സ് വിഭാഗവും സംയുക്തമായി തയ്യാറാക്കിയ ‘തേനമൃത്’ ന്യൂട്രി ബാറുകളുടെ വിതരണത്തിന് മേയ് 19ന് ഉച്ചയ്ക്ക് 12 മണിക്ക് സെക്രട്ടറിയേറ്റ് ലയം ഹാളില്‍ വച്ച് തുടക്കം കുറിക്കുന്നു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിക്കും.

സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് തേനമൃത് എന്ന ന്യുട്രി ബാറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പോഷക ന്യൂനതയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ പോഷക ബാറുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ വിതരണം ചെയ്യുന്നതിന് 100 ഗ്രാം വീതമുള്ള 1,15,000ല്‍ പരം ന്യൂട്രി ബാറുകളാണ് വിതരണത്തിനായി തയ്യാറാക്കുന്നത്.

കുട്ടികളിലെ അടിസ്ഥാന പോഷകാഹാര പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും പകര്‍ച്ച വ്യാധികളെ നേരിടുന്നതിനും പര്യാപ്തമായ രീതിയിലാണ് ഈ പോഷക ബാറുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പന്നമായ നിലക്കടല, എള്ള്, റാഗി, സോയ ബീന്‍സ്, മറ്റു ധാന്യങ്ങള്‍, ശര്‍ക്കര തുടങ്ങി 12 ഓളം ചേരുവകള്‍ ഉപയോഗിച്ചാണ് ന്യൂട്രിബാര്‍ ഉണ്ടാക്കിയിരിക്കുന്നത്. വനിതാ ശിശുവികസന വകുപ്പിന്റെ പ്രതേക നിര്‍ദേശ പ്രകാരം നിലവിലുള്ള പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ നിരക്കിലാണ് സര്‍വകലാശാല ന്യൂട്രിബാറുകള്‍ നല്‍കുന്നത്.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82066

Share
അഭിപ്രായം എഴുതാം