ലോട്ടറി ടിക്കറ്റ് വില്‍പന മെയ്‌ 18 മുതല്‍: ധനമന്ത്രി തോമസ് ഐസക് ജൂണ്‍ 1ന് ആദ്യ നറുക്കെടുപ്പ്

തിരുവനന്തപുരം: ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്ന തുച്ഛവരുമാനത്തിലൂടെ ജീവിതം മുന്നോട്ട് തള്ളിനീക്കിയിരുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ലോട്ടറി ടിക്കറ്റ് വില്‍പന സംസ്ഥാനത്ത് 18ന് പുനരാരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ജൂണ്‍ ഒന്നിന് ആദ്യനറുക്കെടുപ്പ് നടക്കും. നശിച്ചുപോയ ടിക്കറ്റുകള്‍ക്കുപകരം അതേ സീരിസിലുള്ള പുതിയ ടിക്കറ്റുകള്‍ നല്‍കും. 100 ടിക്കറ്റ് വില്‍പനക്കാര്‍ക്ക് വായ്പയായി നല്‍കും. ഈ പണം മൂന്നുമാസംകൊണ്ട് തിരിച്ചടച്ചാല്‍ മതിയാവും. എല്ലാ വില്‍പനക്കാര്‍ക്കും മാസ്‌കും കൈയുറയും നല്‍കും. ഏജന്റുമാരെ സഹായിക്കാന്‍ കമ്മീഷന്‍ തീരുമാനിക്കുന്ന സ്ലാബുകളുടെ പരിധിയിലും മാറ്റം വരുത്തും.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാലാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ലോട്ടറി ടിക്കറ്റ് വില്‍പനയും നറുക്കെടുപ്പും നിര്‍ത്തിവച്ചത്. കൊവിഡ് രോഗബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 15 മുതല്‍ 28 വരെയുള്ള ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് റദ്ദാക്കിയിരുന്നു. മെയ് 17ന് മൂന്നാംഘട്ട ലോക്ഡൗണ്‍ തീരുന്നമുറയ്ക്ക് ലോട്ടറി വില്‍പന പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്.

ലോക്ഡൗണില്‍ ഇളവ് അനുവദിച്ച പ്രദേശങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച ഭാഗ്യക്കുറി ഓഫീസുകളില്‍ 2020 ജനുവരി 23 മുതല്‍ നറുക്കെടുത്ത ടിക്കറ്റുകളുടെ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ പൊതുജനങ്ങളില്‍നിന്നും ഏജന്റുമാരില്‍നിന്നും സ്വീകരിക്കും. ഇത്തരത്തില്‍ ഹാജരാക്കുന്ന ടിക്കറ്റുകള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തി രസീത് നല്‍കി സൂക്ഷിക്കും. ഏജന്റുമാര്‍ ആവശ്യപ്പെടുന്നപക്ഷം നിലവില്‍ ഓഫിസുകളില്‍ വില്‍പനയ്ക്കുള്ള ടിക്കറ്റുകള്‍ പകരം നല്‍കുകയോ പുതിയ ടിക്കറ്റുകള്‍ നല്‍കുകയോ ചെയ്യും.

Share
അഭിപ്രായം എഴുതാം