സ്പ്രിംക്ലെർ വിവാദം: പിണറായി വിജയനെതിരെ ഹൈകോടതിയിൽ വീണ്ടും ഹർജി

തിരുവനന്തപുരം ഏപ്രിൽ 20: സ്പ്രിംക്ലര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. ”സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവര്‍ത്തിച്ചു”വെന്നാണ് പുതിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഹര്‍ജി നാളെ പരിഗണിച്ചേക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

നിലവില്‍ സ്പ്രിംക്ലര്‍ വിവാദത്തില്‍ അന്വേഷണമാവശ്യപ്പെട്ട് രണ്ടാമത്തെ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്. അബ്ദുള്‍ ജബ്ബാറുദ്ദീന്‍ എന്നയാളാണ് പുതിയ ഹര്‍ജി നല്‍കിയിട്ടുള്ളത്. ”കൊവിഡ് ബാധിതരുടെ മൗലികാവകാശങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുത്തു. കരാര്‍ പൊതുജനത്തിന്റെ സ്വകാര്യതയും ജീവനും അപകടത്തിലാക്കിയെന്നും കുറ്റക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെ”ന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെ 16 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. അതേസമയം ആദ്യ ഹര്‍ജിയിലും മുഖ്യമന്ത്രിക്കും ഐടി വകുപ്പിനുമെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടത്. വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം