മലപ്പുറത്ത് ബാല്യ വിവാഹത്തിനെതിരെ പാട്ടുവണ്ടി പര്യടനം ഇന്ന് തുടങ്ങും

മലപ്പുറം മാർച്ച് 6: ബാല്യ വിവാഹത്തിനെതിരെ പൊതുജനങ്ങളെയും രക്ഷിതാക്കളെയും ബോധവത്ക്കരിക്കുന്നതിനായി പാട്ടുവണ്ടി ഇന്ന് (മാര്‍ച്ച് ആറ്) മുതല്‍ ജില്ലയില്‍ പര്യടനം നടത്തും. വനിതാ ശിശു വികസന വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി നടപ്പാക്കികൊണ്ടിരിക്കുന്ന ‘ബാല്യവിവാഹ വിമുക്ത മലപ്പുറം ജില്ല’ എന്ന പദ്ധതിയുടെ ഭാഗമായാണ് പാട്ടുവണ്ടി പര്യടനം നടത്തുന്നത്.  ജില്ലയിലെ 15 ബ്ലോക്കുകളില്‍ 15 ദിവസങ്ങളിലായിട്ടാണ് പര്യടനം. 

ബാല്യവിവാഹ നിരോധന നിയമം, ബാല്യവിവാഹത്തിനെതിരെയുള്ള സന്ദേശങ്ങളടങ്ങിയ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഗ്രാമങ്ങളിലും തെരുവുകളിലും അങ്ങാടികളിലും പാട്ടുപര്യടനം നടത്തുക. പാട്ടുവണ്ടിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്  ഇന്ന് (മാര്‍ച്ച് ആറിന്) രാവിലെ 10ന് കലക്ടറേറ്റില്‍ നിര്‍വഹിച്ചു. ബാല്യവിവാഹം തടയുന്നതിനായി നിരവധി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ്   ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിനു കീഴില്‍  സംഘടിപ്പിച്ചു വരുന്നത്. ബാല്യവിവാഹങ്ങളുടെ എണ്ണം ജില്ലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറവ് വന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടി മാറ്റം വരുത്തിയാല്‍ മാത്രമേ കുട്ടികളുടെ വികാസം സാധ്യമാവുകയുള്ളൂവെന്നും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം