ആധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ തയ്യാറെടുത്ത് സര്‍ക്കാര്‍

ന്യൂഡല്‍ഹി ഫെബ്രുവരി 19: ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ജനപ്രാതിനിധ്യ നിയമത്തില്‍ ഇതിനായി ഭേദഗതി കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും.

വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 2015ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു. 32 കോടിയോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചെങ്കിലും പദ്ധതി പിന്നീട് ഉപേക്ഷിച്ചു. സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കരുതെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിച്ചത്. നിയമത്തില്‍ ഭേദഗതി വരുത്തിയശേഷം ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാമെന്ന കഴിഞ്ഞ വര്‍ഷത്തെ സുപ്രീംകോടതി വിധിക്ക് പിന്നാലെ പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ആരംഭിച്ചു. നിയമം യാഥാര്‍ത്ഥ്യമാകുന്നതോടെ വ്യാജ വോട്ടര്‍മാരെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം