പ്രവാസി ഭാരതീയ കേന്ദ്രത്തിനും ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനും സുഷമ സ്വരാജിന്റെ പേര് നല്‍കും

ന്യൂഡല്‍ഹി ഫെബ്രുവരി 14: ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിനും ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനും അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേരു നല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. പേരുകള്‍ മാറ്റാന്‍ തീരുമാനിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.

ഇനിമുതല്‍ പ്രവാസി ഭാരതീയ കേന്ദ്ര സുഷമ സ്വരാജ് ഭവനെന്നും ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വ്വീസ് എന്നും അറിയപ്പെടുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്ന മഹത് വ്യക്തിത്വത്തിന് അര്‍ഹമായ ആദരാഞ്ജലിയാണിതെന്നും ജയശങ്കര്‍ പറഞ്ഞു.

സുഷമ സ്വരാജ് 2014 മുതല്‍ 2019 വരെയാണ് വിദേശകാര്യ മന്ത്രിയായിരുന്നത്. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ലോക്സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവും ബിജെപി വക്താവാകുന്ന ആദ്യ വനിതയുമാണ് സുഷമ സ്വരാജ്. 2019 ആഗസ്റ്റ് 6നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് അന്തരിച്ചത്.

Share
അഭിപ്രായം എഴുതാം