ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശം നീക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം ജനുവരി 28: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമര്‍ശം നീക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍ക്കാര്‍ നിലപാട് അറിയിച്ചു. ഏറ്റുമുട്ടലിനില്ലെന്നും, ഗവര്‍ണര്‍ തിരിച്ചുവിളിക്കണമെന്ന തരത്തില്‍ പ്രതിപക്ഷം നല്‍കിയ നോട്ടീസിനെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഭരണഘടന സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ രാജ്ഭവന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. ഗവര്‍ണര്‍മാര്‍ സാധാരണ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന നയപ്രഖ്യപന പ്രസംഗത്തില്‍ സര്‍ക്കാരിന്റെ നിലപാടാണ് ഉണ്ടാകാറുള്ളത്. അത് തയ്യാറാക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ശേഷമാകും നയപ്രഖ്യാപന പ്രസംഗം ഗവര്‍ണറുടെ ഓഫീസിന് കൈമാറുക. നയപ്രഖ്യാപനത്തിന്റെ പൂര്‍ണ്ണരൂപം ഗവര്‍ണര്‍ വായിക്കണമെന്ന് നിര്‍ബന്ധമില്ല. യോജിപ്പില്ലാത്ത ഭാഗങ്ങള്‍ ഗവര്‍ണര്‍ക്ക് വായിക്കാതെ വിടാം.

Share
അഭിപ്രായം എഴുതാം