പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടിയ വെങ്കിടേഷിനെ റിപ്പബ്ലിക് ദിനത്തില്‍ രാജ്യം ആദരിക്കും

വെങ്കിടേഷ്

ബംഗളൂരു ജനുവരി 24: പ്രളയത്തില്‍ നിറഞ്ഞൊഴുകിയ പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായി മുന്നിലോടിയ ബാലനെ റിപ്പബ്ലിക് ദിനത്തില്‍ രാജ്യം ആദരിക്കും. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ വെങ്കിടേഷ് എന്ന കൊച്ചുമിടുക്കനെ ധീരതയ്ക്കുള്ള ദേശീയ പുരസ്ക്കാരം നല്‍കി രാജ്യം ആദരിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും വെങ്കിടേഷ് പുരസ്ക്കാരം സ്വീകരിക്കും.

തെരഞ്ഞെടുത്ത 22 കുട്ടികളിലൊരാളാണ് വെങ്കിടേഷ്. കര്‍ണാടക സ്വദേശിയായ വെങ്കിടേഷ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ആറ് കുട്ടികളും ഒരു സ്ത്രീയുടെ മൃതദേഹവും വഹിച്ചുവന്ന ആംബുലന്‍സ് റായ്ച്ചൂര്‍ ഹിരയന കുംബെയിലെ പാലത്തില്‍ കുടുങ്ങി. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന വെങ്കിടേഷ് ആംബുലന്‍സിന്റെ മുന്നിലോടി വഴികാണിച്ചു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരാണ് 2019ലെ ധീരത പുരസ്ക്കാരത്തിന് വെങ്കിടേഷിനെ ശുപാര്‍ശ ചെയ്തത്. കര്‍ണാടക സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്ക്കാരം വെങ്കിടേഷിന് ലഭിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം