യുക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ സൈനികരെ അറസ്റ്റ് ചെയ്തെന്ന് ഇറാന്‍

ടെഹ്റാന്‍ ജനുവരി 14: യുക്രൈന്‍ വിമാനം അബദ്ധത്തില്‍ വെടിവച്ചിട്ട സംഭവത്തില്‍ ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ കോടതി അറിയിച്ചു. 176 യാത്രക്കാരുമായി പുറപ്പെട്ട വിമാനം വെടിവച്ചിട്ട സംഭവത്തില്‍ പങ്കാളികളായ 30 ഓളം സൈനികരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. വിമാനം തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപവത്കരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ്‌ ഹസന്‍ റുഹാനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനികരെ അറസ്റ്റ് ചെയ്തത്.

വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ചില വ്യക്തികളെ അറസ്റ്റ് ചെയ്തെന്നും ജുഡീഷ്യല്‍ വക്താവ് ഖൊലംഹൊസ്സന്‍ ഇസ്മായിലി വ്യക്തമാക്കി. ജനുവരി 8നാണ് ടെഹ്റാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്ന് വീണത്. വിമാനത്തില്‍ 176 പേരുണ്ടായിരുന്നു. സംഭവത്തില്‍ ഇറാന്‍ പരമാധികാരി അലി ഖമനേയിക്ക് അടക്കം എതിരെ വന്‍ പ്രതിഷേധങ്ങളാണ് ടെഹ്റാനില്‍ നടക്കുന്നത്.

Share
അഭിപ്രായം എഴുതാം