ന്യൂഡല്‍ഹി ജനുവരി 3: റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പ്രദര്‍ശനാനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 22 നിര്‍ദ്ദേശങ്ങളാണ് പരേഡില്‍ അവതരിപ്പിക്കാനായി പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വന്നത്.
കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയതിന്റെ കാരണം വ്യക്തമായിട്ടില്ല. ആദ്യത്തെ മൂന്ന് റൗണ്ടുകളിലും കേരളത്തിന്റെ ആശയത്തിന് അനുമതി ലഭിച്ചിരുന്നു. കലാമണ്ഡലവും, തെയ്യവും വള്ളംകളിയുമുള്‍പ്പെട്ട നിശ്ചലദൃശ്യത്തിനാണ് കേരളം അനുമതി തേടിയത്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് പ്രദര്‍ശനാനുമതി ലഭിക്കാത്തത്.