പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ഡിസംബര്‍ 10: പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ബില്ലിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയുടെ അടിത്തറ തകര്‍ത്തെന്നും രാഹുല്‍ പറഞ്ഞു. ലോക്സഭയില്‍ ബില്‍ പാസാക്കുന്നതില്‍ ശിവസേന സര്‍ക്കാരിനെ പിന്തുണച്ചതിന് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരെയുള്ള അക്രമമാണെന്നും അതിനെ പിന്തുണയ്ക്കുന്നവര്‍ രാജ്യത്തിന്റെ അടിത്തറയെ നശിപ്പിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ആറു പതിറ്റാണ്ട് പഴക്കമുള്ള നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ ഇന്നലെ ലോക്സഭ പാസാക്കി. 311 പേര്‍ ബില്ലിനെ അനുകൂലിച്ചും 80 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഏഴുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. ബില്ലിനെതിരെ പ്രതിപക്ഷം എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.

ഭേദഗതി ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു-ക്രിസ്ത്യന്‍, ബുദ്ധ, ജൈന-പാര്‍സി- സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് പൗരത്വ ഭേദഗതി ബില്‍.

Share
അഭിപ്രായം എഴുതാം