മഹാരാഷ്ട്രയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍

ദേവേന്ദ്ര ഫഡ്‌നാവിസ്, ശരദ് പവാര്‍, ഉദ്ധവ് താക്കറെ

മുംബൈ നവംബര്‍ 26: മഹാരാഷ്ട്രയില്‍ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വീട്ടില്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറും ബിജെപി എംഎല്‍എമാരും നേതാക്കളും കൂടിയാലോചനകളില്‍ പങ്കെടുക്കുന്നുണ്ട്. അമിത് ഷാ അടക്കമുള്ളവരുടെ നിലപാടുകളും വരും മണിക്കൂറുകളില്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ്.

ബിജെപിക്ക് 105 എംഎല്‍എമാരാണുള്ളത്. എന്‍സിപിയില്‍ നിന്ന് അജിത് പവാറടക്കം മൂന്ന് പേരുടെ പിന്തുണ മാത്രമാണുള്ളത്. സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാല്‍പോലും ഭൂരിപക്ഷം തികയ്ക്കാനാവാത്ത അവസ്ഥയാണ് ഫഡ്നാവിസിന് മുന്നിലുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 പേരുടെ പിന്തുണയാണ്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ക്യാമ്പില്‍ ആത്മവിശ്വാസം പ്രകടമാണ്. ഇന്ന് വൈകിട്ടോടെ ത്രികക്ഷി സഖ്യം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 162 പേരുടെ പിന്തുണയാണ് ത്രികക്ഷി സഖ്യം ഉന്നയിക്കുന്നത്. ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.

Share
അഭിപ്രായം എഴുതാം