നടി കവിയൂര്‍ പൊന്നമ്മ ഓര്‍മയായി.

കൊച്ചി : മയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്‌തംബര്‍ 20 വെള്ളിയാഴ്‌ച വൈകിട്ട്‌ 5.33നാണ്‌ അന്ത്യം. 21 ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. തുടര്‍ന്ന്‌ ആലുവയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും

പത്തനംതിട്ടയിലെ കവിയൂരില്‍ ജനനം

പത്തനംതിട്ടയിലെ കവിയൂരില്‍ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ്‌ പൊന്നമ്മ ജനിച്ചത്‌. അന്തരിച്ച നടി കവിയൂര്‍ രേണുക അടക്കം ഇളയ ആറു സഹോദരങ്ങള്‍ കൂടിയുണ്ട്‌. പൊന്നമ്മയ്‌ക്ക്‌ ഒരു വയസ്സുള്ളപ്പോള്‍ കവിയൂരില്‍നിന്ന്‌ കോട്ടയത്തെ പൊന്‍കുന്നത്തേക്കു താമസം മാറി. സിനിമ നിര്‍മാതാവ്‌ എം കെ മണിസ്വാമിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ജീവിത പങ്കാളി. ഏക മകള്‍ ബിന്ദു.

എം.എസ്‌.സുബ്ബലക്ഷ്‌മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം

അച്ഛനില്‍നിന്നു പകര്‍ന്നുകിട്ടിയ സംഗീത താല്‍പര്യത്താല്‍ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിരുന്നു. എം.എസ്‌.സുബ്ബലക്ഷ്‌മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം. പിന്നീട്‌ നാടക വേദികളിലൂടെയാണ്‌ കവിയൂര്‍ പൊന്നമ്മ അഭിനയ രംഗത്തേക്ക്‌ കടന്നുവരുന്നത്‌. ടിവി സീരിയലുകളിലും പരസ്യങ്ങളിലും വേഷമിട്ടിട്ടുണ്ട്‌. ഗായികയായും മികവ്‌ പുലര്‍ത്തി. 1971, 1972, 1973, 1994 വര്‍ഷങ്ങളില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ കേരള സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌ ജേതാവ്‌ കൂടിയാണ്‌.

അമ്മ വേഷം കൊണ്ട്‌ ശ്രദ്ധേയയായ നടി

ആറര പതിറ്റാണ്ട്‌ നീണ്ടുനിന്ന സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട്‌ ശ്രദ്ധേയയായ നടിയാണ്‌ കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പടെ അമ്മയായി വേഷമിട്ടിട്ടുണ്ട്‌. 1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ്‌ കവിയൂര്‍ പൊന്നമ്മ മലയാള സിനിമയില്‍ സാന്നിധ്യം അറിയിക്കുന്നത്‌. രാമായണം അടിസ്‌ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ രാവണന്റെ ഭാര്യയായ മണ്ഡോദരി ആയാണ്‌ കവിയൂര്‍ പൊന്നമ്മ വേഷമിട്ടത്‌. ഇരുപതാം വയസില്‍ കുടുംബിനി എന്ന ചിത്രത്തില്‍ സത്യന്‍, മധു തുടങ്ങിയ നായക നടന്‍മാരുടെ അമ്മയായി കവിയൂര്‍ പൊന്നമ്മ വെള്ളിത്തിരയില്‍ വരവരിയിച്ചു.

നിര്‍മാല്യം, പൊന്നമ്മയുടെ ശ്രദ്ധേയമായ സിനിമകളില്‍ ഒന്ന്‌.

എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി നിര്‍മ്മിച്ച്‌ സംവിധാനം ചെയ്‌ത നിര്‍മാല്യം (1973) കവിയൂര്‍ പൊന്നമ്മയുടെ ആദ്യകാലത്തെ ശ്രദ്ധേയമായ സിനിമകളില്‍ ഒന്നായിരുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്രമായ വെളിച്ചപ്പാടിന്റെ ഭാര്യയായി വേഷമിട്ട കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രം നിരൂപക ശ്രദ്ധ പിടിച്ചുപറ്റി.

പൊന്നമ്മയുടെ കരിയറിലെ നാഴിക കല്ലായിമാറിയ ചിത്രം “നെല്ല്‌ “

തൊട്ടടുത്തവര്‍ഷം പുറത്തിറങ്ങിയ നെല്ല്‌ എന്ന ചിത്രമായിരുന്നു പൊന്നമ്മയുടെ കരിയറിലെ നാഴിക കല്ലായിമാറിയത്‌.. 1980 കളില്‍ മലയള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത താരമായി പൊന്നമ്മമാറി. 1989ല്‍, ‘ദേവദാസ്‌’ ഏറെ ശ്രദ്ധിക്കപ്പെട്ടു. നാടകീയത നിറഞ്ഞ കഥാപാത്രങ്ങള്‍ മുതല്‍ ഹാസ്യ കഥാപാത്രങ്ങള്‍ വരെ പൊന്നമ്മ ഇക്കാലയളവില്‍ അനായാസം വെള്ളിത്തരയില്‍ അവതരിപ്പിച്ചു.

ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു.

പതിനാലാം വയസ്സില്‍, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകന്‍ തങ്കപ്പന്‍ മാസ്‌റ്ററുടെ നിര്‍ബന്ധത്തിലാണ്‌ ആദ്യമായി സിനിമയിലഭിനയിച്ചത്‌. മെറിലാന്‍ഡിന്റെ “ശ്രീരാമപട്ടാഭിഷേക” ത്തില്‍ മണ്ഡോദരിയുടെ വേഷമായിരുന്നു. കുടുംബിനി എന്ന ചിത്രത്തിലാണ്‌ ആദ്യമായി അമ്മവഷത്തില്‍ അഭിനിയിച്ചത്‌. തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തില്‍ സത്യന്‍, മധു എന്നിവരുടെ അമ്മവേഷമായിരുന്നു. പിന്നീട്‌ നെഗറ്റീവ്‌ വേഷങ്ങളടക്കം ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു.

മലയാളത്തിലെ പ്രമുഖ സംവിധായകരില്‍ മിക്കവരുടെയും സിനിമകളില്‍ അഭിനയിച്ചു.

പി.എന്‍.മേനോന്‍, വിന്‍സെന്റ്‌, എം.ടി.വാസുദേവന്‍ നായര്‍, രാമു കാര്യാട്ട്‌, കെ.എസ്‌.സേതുമാധവന്‍, അടൂര്‍ ഗോപാലകൃഷ്‌ണന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍, മോഹന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരില്‍ മിക്കവരുടെയും സിനിമകളില്‍ അഭിനയിച്ചു. അസുരവിത്ത്‌, വെളുത്ത കത്രീന, ക്രോസ്‌ ബെല്‍റ്റ്‌, കരകാണാക്കടല്‍, തീര്‍ഥയാത്ര, നിര്‍മാല്യം, നെല്ല്‌, അവളുടെ രാവുകള്‍, കൊടിയേറ്റം, ഓപ്പോള്‍, കരിമ്പന, തിങ്കളാഴ്‌ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവര്‍ത്തനം, നഖക്ഷതങ്ങള്‍, ഹിസ്‌ ഹൈനസ്‌ അബ്ദുള്ള, കിരീടം, ചെങ്കോല്‍, ഭരതം, സന്താനഗോപാലം, സുകൃതം തുടങ്ങിയവയാണ്‌ ശ്രദ്ധേയ ചിത്രങ്ങള്‍. എട്ടോളം സിനിമകളില്‍ പാടിയിട്ടുണ്ട്‌. ഇരുപത്തഞ്ചിലേറെ ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു

Share
അഭിപ്രായം എഴുതാം