തിരുവനന്തപുരം : നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങള്‍ തയാറായി. ഭേദഗതി പാസാക്കി ഒരുവര്‍ഷത്തിന് ശേഷമാണ് ചട്ടങ്ങളൊരുങ്ങുന്നത്.1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്‌ത് 2023 സെപ്‌റ്റംബറിലാണ് ഗവണ്മെന്റ് ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) നിയമം കൊണ്ടുവന്നത്. റവന്യു വകുപ്പ് തയാറാക്കിയ ചട്ടങ്ങള്‍ നിയമവകുപ്പിന്റെ പരിഗണനയിലാണ്. ലാന്റ്‌് റവന്യു കമീഷണറുടെ നേതൃത്വത്തിലാണ് ചട്ടങ്ങള്‍ തയാറാക്കിയത്. വളരെ പ്രതീക്ഷയോടെയാണ് മലയോര മേഖല ഇതിനെ കാണുന്നത്.
പട്ടയഭൂമിയിലുള്ള വീടുകള്‍ ഫീസ് വാങ്ങാതെ ക്രമപ്പെടുത്തി നല്‍കാന്‍ ചട്ടത്തില്‍ നിര്‍ദ്ദേശം
പട്ടയഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗം ക്രമപ്പെടുത്താന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് നിയമഭേദഗതി. പാരിസ്ഥിതിക പ്രത്യാഘാതം മുതല്‍ പലതരം കോടതി വ്യവഹാരങ്ങള്‍ക്ക് വരെ നിയമത്തിലെ വ്യവസ്ഥകള്‍ കാരണമാകാമെന്നിരിക്കെയാണ് നിയമവകുപ്പിന്റെ സൂക്ഷ്‌മ പരിശോധന. പട്ടയഭൂമിയിലുള്ള വീടുകള്‍ ഫീസ് വാങ്ങാതെ ക്രമപ്പെടുത്തി നല്‍കാന്‍ ചട്ടം നിര്‍ദ്ദേശിക്കുന്നു. വാണിജ്യാടിസ്‌ഥാനത്തിലുള്ള കെട്ടിടങ്ങള്‍ ചതുരശ്രഅടി അനുസരിച്ച് തുക നിശ്ചയിച്ച ശേഷം ഈടാക്കി നിയമവിധേയമാക്കും
1960 ലെ ഭൂപതിവ് നിയമ.പ്രകാരം പട്ടയം കിട്ടാത്ത ഭൂമിയിലെ നിര്‍മാണത്തെക്കുറിച്ച് ഒന്നും പറയാതെ ചട്ടം
നിയമം പ്രാബല്യത്തില്‍ വരുന്ന ദിവസം വരെയുള്ള അനധികൃത നിര്‍മാണങ്ങള്‍ സര്‍ക്കാറിന് ക്രമവത്‌കരിക്കാനാകും. എന്നാല്‍ 1960ലെ നിയമവും ’64ലെ ചട്ടവും പ്രകാരമുള്ള പട്ടയം കിട്ടാന്‍ ഇനിയും ഏറെപ്പേരുണ്ട്. അവരുടെ ഭൂമിയിലെ നിര്‍മാണത്തെക്കുറിച്ച് ഭേദഗതിയില്‍ ഒന്നും പറയാത്തത് വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
നിയമ. വിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികളും സര്‍ക്കാര്‍ ഏറ്റെടുക്കും
ഭൂപതിവ് നിയമത്തിന് വിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതാണ് ചട്ടങ്ങളില്‍ പ്രധാനം. ക്വാറികളുടെ പ്രവര്‍ത്തനം നിലവില്‍ ഭൂപതിവിന് വിധേയമല്ല. പട്ടയഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പാട്ടത്തിന് നല്‍കുന്ന നിലയിലാകും വ്യവസ്ഥ. .