തിരുവനന്തപുരംം: എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം . അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. സെപ്‌തംബര്‍ 19 രാത്രിയോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.വിജിലന്‍സ് അന്വേഷണം വേണമെന്നുളള സംസ്‌ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. . എഡിജിപി എം.ആര്‍.അജിത്‌കുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ കൂടിയായ ഡിജിപി എസ്.ദര്‍വേഷ് സാഹിബ് കഴിഞ്ഞയാഴ്‌ചയാണ് വിജിലന്‍സ് അന്വേഷണത്തിനുളള ശുപാര്‍ശ നല്‍കിയത്. അന്വേഷണ സംഘത്തെ നാളെ (20.09.2024) നിശ്ചയിക്കും
പി.വി.അന്‍വര്‍ എംഎല്‍എയുടെ മൊഴി
ചില അഴിമതി ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ച പി.വി.അന്‍വര്‍ എംഎല്‍എ പിന്നീടു പ്രത്യേക സംഘത്തിനു നല്‍കിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിനു ഡിജിപി സര്‍ക്കാരിന്റെ അനുമതി തേടിയത്. സസ്‌പെന്‍ഷനിലുള്ള എസ്‌പി സുജിത് ദാസിനെതിരെയും അന്വേഷണമുണ്ടാകും.
ക്രമസമാധാന ചുമതലയില്‍ .നിന്ന് മാറ്റാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം.
എം ആര്‍ അജിത് കുമാറനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറി. പി വി അന്‍വറിന്‍റെ അജിത് കുമാറിനെതിരെയുള്ള ആരോപണങള്‍ ഉയര്‍ന്നതിന് പിന്നാലെ തന്നെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നതാണ്. ഡിജിപി നേരത്തെ മുതല്‍ ശക്തമായി ആവശ്യപ്പെട്ടിട്ടും സിപിെഎ ഉള്‍പ്പെടെ ഇടത് മുന്നണിയിലെ തന്നെ ഘടകകക്ഷികള്‍ ശബ്ദം ഉയര്‍ത്തിയിട്ടും മുഖ്യമന്ത്രി അജിത് കുമാറിനെ പിന്തുണച്ച് വരികയായിരുന്നു. വിജിലന്‍സ് അന്വേഷണം വന്നതോടെ ഇദ്ദേഹത്തെ ഇനിയും സംരക്ഷിച്ച് മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മ്മികമായും കഴിയില്ല.
അജിത് കുമാറിനെതിരെ ഉയര്‍ന്നത് 14 ആരോപണങ്ങള്‍.
എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം സര്‍ക്കാരിനെപ്പെടുത്തിയിരിക്കുന്നത് ഗുരുതര പ്രതിസന്ധിയിലാണ്. കേസ് അട്ടിമറിക്കല്‍, കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം, ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച എന്നിങ്ങനെ അജിത് കുമാറിനെതിരെ ഉയര്‍ന്നത് 14 ആരോപണങ്ങളാണ്. തൊട്ടുപിന്നാലെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയും ഡിജിപി മുമ്പാകെ എത്തി. കവടിയാറില്‍ ഭൂമി വാങ്ങി,ആഢംബര വീട് നിര്‍മിക്കുന്നു, ബന്ധുക്കള്‍ക്ക് വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നു എന്നൊക്കെയായിരുന്നു ആരോപണങ്ങള്‍.
അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഐയും എന്‍സിപിയും
പ്രാഥമികഅന്വഷണം നടത്താന്‍ അനുമതി തേടി ഡിജിപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ഒരാഴ്‌ച കഴിഞ്ഞിട്ടും ഒരു നടപടിയും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതെല്ലാം ഇടതുമുന്നണിയില്‍ തന്നെ വലിയ വിള്ളലുണ്ടാക്കി. സിപിഐയും എന്‍സിപിയും ഉള്‍പ്പെടെ അജിത് കുമാറിനെ മാറ്റണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാനും സിപിഐ നേതൃത്വം മടിച്ചില്ല. അനന്തമായി കാത്തിരിക്കാനാവില്ലെന്നു വരെ സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. എന്നാല്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരാതെ എങ്ങനെ നടപടി എടുക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിപിഐ മുഖപത്രത്തിലെ ലേഖനത്തിലടെ ദേശീയ നിര്‍വാഹകസമിതി അംഗം പ്രകാശ് ബാബു, പാര്‍ട്ടി ഇക്കാര്യത്തില്‍ പിറകോട്ടില്ലെന്നും അജിത് കുമാറിനെ മാറ്റിയേ പറ്റൂ എന്നും ആവശ്യപ്പെട്ടു. ഇതും വലിയ വിവാദമായതോടെയാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നത്.
എഡിജിപി പദവിയില്‍ ഇരുത്തിക്കൊണ്ട് എങ്ങിനെ വിജിലന്‍സ് അന്വേഷണം ?
ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില്‍ ഇരുത്തി അജിത് കുമാറിനെതിരെ എങ്ങിനെ വിജിലന്‍സ് അന്വേഷണം നടത്താന്‍ കഴിയും എന്നതാണ് ഇനി ഉയരുന്ന പ്രധാന ചോദ്യം. ധാര്‍മികമായും അജിത് കുമാറിനെ സംരക്ഷിച്ച് മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രിക്കും കഴിയില്ല. അത് കൊണ്ടുതന്നെ അജിത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റിയുള്ള തീരുമാനം വൈകാതെ ഉണ്ടായേക്കും. അജിത് കുമാറിന്റെ ആര്‍ എസ് എസ് ബന്ധം സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഇത് വരെ ഒരു അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്..