കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ തീപ്പിടിത്തം ; ജില്ലാ കലക്ടറോട് ചീഫ് സെക്രട്ടറി റിപോര്‍ട്ട് തേടി

കോഴിക്കോട് | പുതിയ ബസ് സ്റ്റാന്‍ഡിലെ തീപ്പിടിത്തം അഞ്ച് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമായെങ്കിലും പൂര്‍ണമായി അണയ്ക്കാനായില്ല. സംഭവത്തില്‍ ജില്ലാ കലക്ടറോട് ചീഫ് സെക്രട്ടറി റിപോര്‍ട്ട് തേടി. രണ്ട് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.മെയ് 18 വൈകിട്ട് അഞ്ചിനാണ് തീപ്പിടിത്തമുണ്ടായത്. ആദ്യം രണ്ടാം നിലയിലാണ് തീ പിടിച്ചതെങ്കിലും വൈകാതെ ആളിക്കത്തി കെട്ടിടത്തിന്റെ മൂന്ന് നിലകളെയും മൂടി .രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് വസ്ത്ര ഗോഡൗണ്‍ അഗ്നിബാധയില്‍ കത്തിയമര്‍ന്നു..

മലബാറിലെ മുഴുവന്‍ ഫയര്‍ ഫോഴ്സുകള്‍ക്കും സംഭവ സ്ഥലത്തെത്താന്‍ നിര്‍ദേശം

കഠിന പ്രയത്‌നത്തിലൂടെയാണ് അഗ്‌നിശമന സേനാ ജീവനക്കാര്‍ തീ നിയന്ത്രണ വിധേയമാക്കിയത്. തീ കൂടുതല്‍ ഇടങ്ങളിലേക്ക് പടരില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. നഗരമെങ്ങും കറുത്ത പുക വ്യാപിച്ചിട്ടുണ്ട്. തീപ്പിടിത്തമുണ്ടായ ഭാഗത്തു നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചു. വാഹനങ്ങള്‍ മാറ്റി. കൂടുതല്‍ നിലകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് മലബാറിലെ മുഴുവന്‍ ഫയര്‍ ഫോഴ്സുകള്‍ക്കും സംഭവ സ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. കനത്ത ജാഗ്രത തുടരുകയാണ്.

വൈദ്യുതി ബന്ധവും വിഛേദിച്ചു..

വന്‍ അഗ്നിബാധയായതിനാല്‍ അഗ്നിശമനസേനാംഗങ്ങള്‍ക്കല്ലാതെ പരിസരത്തേക്ക് പ്രവേശനമില്ല. വാഹനങ്ങള്‍ക്ക് ബസ് സ്റ്റാന്‍ഡ് പരിസരത്തെ റോഡുകളില്‍ പ്രവേശനം വിലക്കി. തീ ആളിപ്പടരാതിരിക്കാന്‍ പ്രദേശത്തെ വൈദ്യുതി ബന്ധവും വിഛേദിച്ചു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →