വളച്ചു കെട്ടില്ലാത്ത കഥകളുമായി ശിവകുമാർ മേനോൻ

ശ്രീ ശിവകുമാർ മേനോൻ്റെ
ഇരുപത്തഞ്ച് കഥകൾ അടങ്ങുന്ന “വെള്ളാരങ്കലുകൾ ” എന്ന
കഥാ സമാഹാരത്തിൽ മനുഷ്യ സ്നേഹം , സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ കഷ്ടതകൾ, സ്വന്തം ജീവിതാനുഭവങ്ങൾ എല്ലാം ഒരു മാലയിലെ കുസുമങ്ങളെ പോലെ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും അവസാന പിടിവള്ളിയായി ദൈവത്തെ ശരണം പ്രാപിക്കുന്ന ശരാശരി മനുഷ്യൻ്റെ മാനസ്സികാവസ്ഥ പ്രകടമാക്കുന്നതാണ് ഇതിലെ മിക്ക കഥകളും .
യാതൊരു വളച്ചു കെട്ടും ഇല്ലാതെ നേരിട്ട് കഥ പറയുന്ന രീതി അവലംബിക്കുന്നതുകൊണ്ട് കഥയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ നമുക്ക് ചുറ്റും കാണുന്ന വ്യക്തികളോ സംഭവങ്ങളോ ആയി കഥകൾ വായിക്കുമ്പോൾ നമുക്ക് അനുഭവപ്പെടും.


മുത്ത് മൊഴി പോലെയുള്ള ഭാഷയും തെളിമയാർന്ന വാചക ഘടനയും ഈ കഥകൾ വായിച്ചു പോകാൻ അനുവാചകന് സാധിക്കുന്നുണ്ട്. കഥയുടെ ഗുട്ടൻസ് പിടി കൊടുക്കാതെ വായനക്കാരെ തെളിച്ചു കൊണ്ടു പോകാൻ പല കഥകൾക്കും കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ വായനക്കാരന് കഥകൾ വായിച്ചു കഴിയുമ്പോൾ, മനസ്സിൽ ആഹ്ലാദം വന്ന് നിറയുന്ന അനുഭവം പ്രദാനം ചെയ്യുന്നുണ്ട്.
ദുഃഖത്തിൻ്റെയും , സന്തോഷത്തിൻ്റെയും സംഘർഷത്തിൻ്റെയും കഥകൾ ഇഴ ചേർത്ത് രചിച്ചിട്ടുള്ള കഥാസമാഹാരം തന്നെയാണ് “വെള്ളാരങ്കല്ലുകൾ ” എന്ന് തറപ്പിച്ച് പറയാം.
പ്രകൃതിയെ പഠിച്ച കഥാകാരൻ പ്രകൃതിയെ തൻ്റെ ഉള്ളം കൈയിൽ ഇട്ട്
അമ്മാനം ആടുന്ന കാഴ്ച വ്യത്യസ്ത കഥകളിൽ ദൃശ്യമാണ് (കർഷക ശ്രീ, കണിക്കൊന്ന പൂക്കുമോ?)


ഹിന്ദു മിത്തുകൾ സമർത്ഥമായി ഉപയോഗിച്ചു കഥ പറയുന്ന ശൈലി അവലംഭിച്ചിട്ടുള്ള കഥകളാണ് (ഉണ്ണികൃഷ്ണൻ്റെ വികൃതികൾ , ശിവകൃപ, ആഞ്ജനേയ മഹിമ ) മുതലായവ
തിരിച്ചറിവ് എന്ന കഥയിലൂടെ ഇന്നത്തെ സാമൂഹ്യ സ്ഥിതി വിശദമായി പ്രതിപാദിക്കുകയും എല്ലാ മനുഷ്യരുടെയും മനസ്സിൽ നന്മയുടെ കിരണം അവശേഷിക്കുന്നു എന്ന് ശുഭാപ്തി വിശ്വാസം കഥാകാരൻ പ്രകടിപ്പിക്കുന്നു.
മനുഷ്യ സ്നേഹത്തിൻ്റെ വില എന്ത് എന്ന് വ്യക്തമാക്കുന്ന കഥകളാണ് സ്നേഹ ചായ,
പിറക്കാതെ പോയ മകൾ, സുകൃതം, ഒരു മകനുണ്ടായിരുന്നെങ്കിൽ എന്നിവ. മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്ത മാതൃക ഈ കഥകളിൽ കാണാൻ കഴിയും
കാണാ കാഴ്ചകൾ പ്രത്യയ ശാസ്ത്രപരമായ അന്ധതയെ ധ്വനിപ്പിക്കുന്ന
രീതിയിലും അതുവഴി ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രിയ സ്ഥിതി വ്യക്തമാക്കാൻ പ്രയോഗിച്ച അടവ് തന്നെയല്ലെ എന്ന് വായനക്കാരന് സംശയം ജനിക്കുന്നുണ്ട്.
വെള്ളാരങ്കല്ലുകൾ എന്ന കഥ (കഥാസമാഹാരമല്ല) ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തിൽ സ്നേഹത്തിൻ്റെ ആഴം അളക്കാൻ കഴിയാത്തതാണന്ന് ഈ ഒറ്റ കഥ വായിച്ചു കഴിയുമ്പോൾ അനുവാചകന് ബോധ്യപ്പെടും.


ശിവകുമാറിൻ്റെ തൂലികയിൽ നിന്നും ഇനിയും നല്ല കഥകൾ ഉണ്ടാകും എന്ന് പ്രതീക്ഷയോടെ……

Share
അഭിപ്രായം എഴുതാം