കുടിയേറ്റ ജനജീവിതം നാടക രൂപത്തിൽ ജീവൻ വച്ച് തോറ്റവരുടെ യുദ്ധങ്ങളായി

ഇന്നലെ കട്ടപ്പന ദർശനഹാളിൽ ഒരു പുസ്തക പ്രകാശനം നടന്നു. നാടകകൃതിയാണ്. ഇ.ജെ. ജോസഫ് എന്ന ഇടുക്കിക്കാരൻ രചിച്ച തോറ്റവരുടെ യുദ്ധങ്ങളാണ് കൃതി..

മലയാളിയുടെ നാടകകൃതികളെക്കുറിച്ചുള്ള സങ്കല്പങ്ങളുടെ പൊളിച്ചെഴുത്താണ് ഈ രചന. നാടകരചന അവതരണത്തിലാണ് പൂർണ്ണമാകുന്നത്. എന്നാൽ നോവലും ചെറുകഥയും പോലെ വായനയ്ക്കുവേണ്ടിയുള്ള നാടകരചനകളാണ് മലയാളികൾ പരിചയപ്പെട്ടിട്ടുള്ളത്..

തോറ്റവരുടെ യുദ്ധങ്ങൾ വായിക്കുമ്പോൾ മനസ്സിലൊരു നാടകവേദി നാമറിയാതെ രൂപപ്പെടും. അതിലെ ഓരോ സംഭാഷണങ്ങളും പലപേജുകളിലായി വ്യാഖ്യാനിക്കേണ്ട ഓരോരോ ജീവിതങ്ങളാണ്.

കമ്പോടുകമ്പ് കുടിയേറ്റ ജീവിതങ്ങളുടെ ദുരന്തങ്ങളെയാണ് അതോർമ്മപ്പെടുത്തുന്നത്. ഇടുക്കിക്കാരന്റെ ജീവിതാനുഭവമാണെങ്കിലും ഇതരജില്ലകളിലെ വേദികളിൽ അവതരിപ്പിച്ചപ്പോഴും കാണികൾ വീർപ്പടക്കി കണ്ടിരുന്നത് ആവിഷ്കരിക്കുന്ന ജീവിതത്തിന്റെ ആഴമത്രയ്ക്കുള്ളതുകൊണ്ടാണ്.

കുടിയേറ്റ കാലത്തിന്റെ ദൈന്യവും അതിനെ മറികടന്ന മനുഷ്യന്റെ ജാതിമത വിഭാഗീയതയില്ലാത്ത സ്നഹവും കരുതലുമെല്ലാം ഒന്നോ രണ്ടോ സംഭാഷണങ്ങളിലൂടെ ആസ്വാദകനിലേയ്ക്കെത്തിക്കുവാൻ കഴിഞ്ഞിട്ടുള്ള നാടകരചനയാണ് തോറ്റവരുടെ യുദ്ധങ്ങൾ.

സർക്കാരിന്റെ പ്രേരണയിലും ധനസഹായത്തിലുമാണ് ഇടുക്കിയിലേയ്ക്കുള്ള കുടിയേറ്റമുണ്ടായത്. അന്ന് നാടിനതാവശ്യമായിരുന്നു. കേരളമന്ന് പട്ടിണി മരണങ്ങളുടെ നാടാകാതിരുന്നത് കുടിയേറ്റകർഷകന്റെ നെറ്റിയിലെ വിയർപ്പേറ്റുവാങ്ങി നൂറുമേനിയായി ഫലം പുറപ്പെടുവിച്ച ഇടുക്കിയിലെ കറുത്തമണ്ണിന്റെ കനിവുകൊണ്ടാണ്.

എന്നാൽ പട്ടിണിമാറിയപ്പോൾ നാട് ഈ കർഷകരേയും അവരുടെ പിൻഗാമികളേയും മറന്നു. മറക്കുകമാത്രമല്ല ആധുനികലോകത്തിന്റെ പരിസ്ഥിതിബോധത്തിലെ ശത്രുരൂപങ്ങളായി അവരെ പ്രതിഷ്ഠിച്ചു. ശത്രുനാശത്തിനായുള്ള ഹോമത്തിനായെന്നതുപോലുള്ള നിയമനിർമ്മാണങ്ങളും ഉദ്യോഗസ്ഥ നടപടികളും ആരംഭിച്ചു.

അതിജീവനത്തിനായി നാടിന്റെ സൗഭാഗ്യങ്ങളുപേക്ഷിച്ച് സർവ്വവിധ പ്രതികൂലതകളോടും പടപൊരുതാനുറച്ചെത്തിയ കുടിയേറ്റജനതയുടെ പിൻഗാമികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ അന്നത്തെ പട്ടിണിമരണത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ. പിൻഗാമികളിൽ നിന്നാണ്. തങ്ങളുടെ മാതാപിതാക്കളെ അന്നം നൽകി സംരക്ഷിച്ചവരുടെ മക്കളാണെന്ന സ്നേഹവും സാഹോദര്യവും നൽകിയില്ലെന്നതിനപ്പുറം ആകെ മാനവികരാശിയുടെ ശത്രുക്കളായി കണ്ട് ഇവരുടെ പരിമിതമായ ജീവിതസൗകര്യങ്ങളെപ്പോലും കവർന്നെടുക്കാനുള്ള യുദ്ധത്തിലാണവർ.

ഭരണകുടവും ബ്യൂറോക്രസ്സിയും ചേർന്നു നിർമ്മിക്കുന്ന നിയമക്കുരുക്കിൽ നട്ടം തിരിയുമ്പോഴും അതിജീവനത്തിനുവേണ്ടി പടപൊരുതുന്ന, എല്ലാ വറുതികളുടെ നടുവിലും സ്വപ്നങ്ങൾ കാത്തുസൂക്ഷിക്കുന്ന കുടിയേറ്റ ജനതയുടേയും പിന്മുറക്കാരുടേയും ജീവിതം സമഗ്രതയോടെ ആവിഷ്ക്കരിക്കാൻ ഇ.ജെ. ജോസഫിന് ഈ രചനയിൽ സാധിച്ചിട്ടുണ്ട്.

ഈ നാടകത്തിലെ ഏതെങ്കിലും ഒരു ഡയലോഗ് അടർത്തിയെടുത്ത് രചനയുടെ സൗന്ദര്യത്തെ പങ്കുവെയ്ക്കാമെന്നു കരുതിനോക്കിയപ്പോൾ അതസാധ്യമാണെന്നു മനസ്സിലായി. പരസ്പരം അത്രമേൽ കൊരുത്ത് പിണഞ്ഞുകിടക്കുകയാണ് ഓരോ വാക്കിലും ഈ നാടകം. അടർത്തിമാറ്റിയാൽ അതു നിർജ്ജീവമായിപ്പോകും.

Share

About ബാബു പുളിമൂട്ടിൽ

View all posts by ബാബു പുളിമൂട്ടിൽ →