ഒരേ റണ്‍വേയില്‍ ഒരേ സമയം രണ്ടുവിമാനങ്ങള്‍; മുംബൈ വിമാനത്താവളത്തില്‍ വന്‍അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വന്‍അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഒരേ സമയം മുംബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ രണ്ടു വിമാനങ്ങളാണ് വന്നത്.എയര്‍ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യവേ, അതേ റണ്‍വേയില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ തലനാരിഴയ്ക്കാണ് വന്‍അപകടം ഒഴിവായത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു.

ഇന്നലെയാണ് സംഭവം. ഇന്‍ഡോറില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനമാണ് ലാന്‍ഡ് ചെയ്തത്. ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്ത റണ്‍വേയിലാണ് മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് നടത്തിയ എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. ഇരുവിമാനങ്ങളിലുമായി നൂറ് കണക്കിന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്‍ഡോര്‍-മുംബൈ വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചതായി ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. ‘2024 ജൂണ്‍ 8-ന് ഇന്‍ഡോറില്‍ നിന്നുള്ള ഇന്‍ഡിഗോ ഫ്‌ലൈറ്റിന് മുംബൈ എയര്‍പോര്‍ട്ടില്‍ എടിസി ലാന്‍ഡിംഗ് ക്ലിയറന്‍സ് നല്‍കി. എടിസി നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ലാന്‍ഡ് ചെയ്തത്. യാത്രക്കാരുടെ സുരക്ഷ ഞങ്ങള്‍ക്ക് പരമപ്രധാനമാണ്, ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.’- ഇന്‍ഡിഗോയുടെ പ്രസ്താവനയില്‍ പറയുന്നു.

തങ്ങളുടെ വിമാനം പറന്നുയരാന്‍ എടിസി അനുവാദം നല്‍കുകയായിരുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ‘ജൂണ്‍ 8ന് മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള AI657 വിമാനമാണ് ടേക്ക് ഓഫ് ചെയ്തത്. റണ്‍വേയിലേക്ക് പ്രവേശിക്കാന്‍ എയര്‍ ഇന്ത്യ വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കി. തുടര്‍ന്ന് ടേക്ക് ഓഫിനും അനുമതി നല്‍കി. നടപടിക്രമങ്ങള്‍ പാലിച്ചാണ് ടേക്ക് ഓഫ് ചെയ്തത്. വിമാനങ്ങള്‍ ഒരേ റണ്‍വേയില്‍ വന്നതിനുള്ള കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്,’- എയര്‍ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം