തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ താമര വിരിയിക്കാൻ ബിജെപിക്ക് ആയില്ലെങ്കിലും പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് അനിൽ ആൻ്റണിയുടെ തീരുമാനം. പത്തനംതിട്ടയിൽ ഓഫീസ് തുറക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം യോഗങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലാണ് അനിൽ ആൻ്റണി.
പത്തനംതിട്ടയില്‍ മോശമല്ലാത്ത പ്രകടനം നടത്താൻ അനിൽ ആൻ്റണിക്ക് ആയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെയാണ് പത്തനംതിട്ടയിൽ പ്രവർത്തനം തുടരാൻ അനിൽ ആൻ്റണിയോട് നേതൃത്വം ആവശ്യപ്പെട്ടത്. സുരേഷ് ഗോപി തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതിനാലാണ് തൃശ്ശൂരിൽ വിജയിക്കാനായതെന്നാണ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ. അതിനാലാണ് ആ മാതൃക പിന്തുടരാൻ അനിൽ ആൻ്റണിയോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്.