സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും നടക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

ആര്‍ക്കും റേഷന്‍ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഈ മാസം 31നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.

ഈ മാസം 15,16,17 തിയതികളില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും നിര്‍ത്തിവച്ച് മസ്റ്ററിങ്ങ് നടത്താനുള്ള ക്രമീകരണം സംസ്ഥാന ഭക്ഷ്യ വകുപ്പ് ഒരുക്കിയിരുന്നു. എന്നാല്‍ ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ മൂലം മസ്റ്ററിങ് സുഗമമായി നടത്താനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് മസ്റ്ററിങ് താല്‍കാലികമായി നിര്‍ത്തിവെക്കന്‍ വകുപ്പ് തീരുമാനിച്ചത്.

ഇത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇ പോസ് മെഷീനിലെ തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈദരാബാദ് എന്‍.ഐ.സിയും സംസ്ഥാന ഐടി മിഷനും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തകരാര്‍ പൂര്‍ണമായി പരിഹരിച്ചശേഷം മസ്റ്ററിങ് നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് സംസ്ഥാന ഭക്ഷ്യവകുപ്പ്.

Share
അഭിപ്രായം എഴുതാം